മണിട്രാപ്പിൽ പെട്ട് ഗൾഫ് പ്രവാസികളും; ഷാർജയിലും അജ്‌മാനിലുമുള്ളവർ ഇരകൾ
|ഹരിയാനയിൽ നിന്ന് ഫയൽ ചെയ്ത കേസിന്റെ പേരിലാണ് നടപടി .
ദുബൈ: യു പി ഐ മണിട്രാപ്പിന്റെ ഇരകളായി ഗൾഫിലെ പ്രവാസികളും. ഷാർജയിലും അജ്മാനിലും ജോലി ചെയ്യുന്ന രണ്ട് ഇടുക്കി സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചു. കാളിയാർ വണ്ണപ്പുറം ഫെഡറൽ ബാങ്കിലെയും, സൗത്ത് ഇന്ത്യൻ ബാങ്കിലെയും അക്കൗണ്ടുകളാണ് നാലുമാസമായി ഫ്രീസ് ചെയ്തിരിക്കുന്നത്. ഹരിയാനയിൽ നിന്ന് ഫയൽ ചെയ്ത കേസിന്റെ പേരിലാണ് നടപടി .
അജ്മാനിൽ ജോലി ചെയ്യുന്ന ഇല്യാസ് സൈനുദ്ദീന്റെ വണ്ണപ്പുറം ഫെഡറൽബാങ്കിലെ സേവിങ്സ് അക്കൗണ്ടാണ് ഹരിയാന കുരുക്ഷേത്ര സൈബർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന പേരിൽ മരവിപ്പിച്ചിരിക്കുന്നത്. ഇല്യാസിന്റെ മാത്രമല്ല, ഇദ്ദേഹം പണം കൈമാറിയ സഹോദരി ഭർത്താവും സുഹൃത്തുക്കളുമടക്കം നാലുപേരുടെ അക്കൗണ്ടും മരവിപ്പിച്ചg. പണം വിട്ടുകിട്ടാൻ ഹരിയാന സൈബർ പൊലീസിന്റെ ഈ നമ്പറിൽ ബന്ധപ്പെടാനാണ് ബാങ്ക് അധികൃതർ നൽകുന്ന മറുപടി.
ഷാർജയിൽ ജോലി ചെയ്യുന്ന സൽമാനുൽ ഫാരിസിന് വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്ക് കാളിയാർ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് സുഹൃത്ത് തിരിച്ചു നൽകാനുണ്ടായിരുന്ന 15,000 രൂപ എത്തി എന്ന പേരിലാണ് കേസ്. പണം വിട്ടുകിട്ടാൻ ഹരിയാന ഈസ് ഗുരുഗ്രാം സൈബർ പൊലീസിലെ പ്രിയ എന്ന ഉദ്യോഗസ്ഥയെ ബന്ധപ്പെടണമെന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച നിർദേശം.
യു പി ഐ മണിട്രാപ്പിന്റെ ഇരകളായ ഇവർ രണ്ടുപേർക്കും ഉനൈസ് എന്ന പൊതു സുഹൃത്ത് പണമയച്ചിട്ടുണ്ട്. അതിന്റെ പേരിലാണത്രേ മരവിപ്പിക്കൽ നടപടി. എന്നാൽ, ഈ സുഹൃത്തിന്റെ അക്കൗണ്ടിന് ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടുമില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് എത്തിനിൽക്കുന്ന ഈ നടപടി നാളെ നാട്ടിലെത്തിയാൽ എയർപോർട്ടിൽ നിന്ന് പിടികൂടുന്ന രീതിയിലേക്ക് വളരുമോ എന്ന ഭയവും ഈ പ്രവാസികൾക്കുണ്ട്.
മരവിപ്പിച്ചത് നാട്ടിലെ സാധാരണ സേവിങ്സ് അക്കൗണ്ടുകളാണ്. പക്ഷെ, അടുത്തിടെയാണ് പ്രവാസികളുടെ നോൺ റെസിഡന്റ് അക്കൗണ്ടുകൾ യു പി ഐയുമായി ബന്ധിപ്പിച്ചത്. അതുകൊണ്ട് തന്നെ ആശങ്കയിലാണ് പ്രവാസി സമൂഹം