'ഗൾഫ് മാധ്യമം' എജുകഫെ എട്ടാം സീസണ് നാളെ തുടക്കം
|എജുകഫെ സന്ദർശിക്കുന്ന 50ഓളം പേർക്ക് ഒമാനിലെ മുസന്ദത്തിലേക്ക് സൗജന്യ ട്രിപ്പിനുള്ള അവസരം ലഭിക്കും
ഷാർജ: 'ഗൾഫ് മാധ്യമം' എജുകഫെ എട്ടാം സീസണ് നാളെ തുടക്കം. ഷാർജ എക്‌സ്‌പോ സെന്ററിൽ ഈ മാസം 22 വരെയാണ് പ്രദർശനവും സമ്മേളനവും നടക്കുക. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനൊപ്പമാണ് ഇക്കുറി എജുകഫെ അരങ്ങേറുന്നത്.
ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലെ ഇന്ത്യൻ പവലിയന് നേതൃത്വം നൽകുന്നതും ഇക്കുറി 'ഗൾഫ്? മാധ്യമ'മാണ്. ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ മേള നഗരിയിലേക്ക് പ്രവേശനം അനുവദിക്കും. രാവിലെ 11നാണ് ഉദ്ഘാടനം. വ്യാഴാഴ്ച രാവിലെ 9.30 മുതൽ എജുകഫെയിൽ വിവിധ സെഷനുകൾ അരങ്ങേറും. ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ സന്തത സഹചാരി ശ്രീജൻപാൽ സിങ്, അവതാരകൻ ഡോ. അരുൺകുമാർ, മജീഷ്യൻ രാജ മൂർത്തി, പ്രചോദക പ്രഭാഷകൻ മാണി പോൾ, ബയോ ഹാക്കിങ് വിദഗ്ദൻ മഹ്‌റൂഫ്, കേരള മുൻ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവർ വരും ദിവസങ്ങളിൽ എജുകഫെ വേദിയിലെത്തും.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ സംഘടിപ്പിക്കുന്ന പുരസ്‌കാരം ഇക്കുറിയുമുണ്ടാകും. എജുകഫെ സന്ദർശിക്കുന്ന 50ഓളം പേർക്ക് ഒമാനിലെ മുസന്ദത്തിലേക്ക് സൗജന്യ ട്രിപ്പിനുള്ള അവസരം ലഭിക്കും. യു.എ.ഇയിലെ പ്രമുഖ സ്‌കൂൾ പ്രിൻസിപ്പൽമാർ അണിനിരക്കുന്ന പാനൽ ചർച്ചയും അരങ്ങേറും. ഇന്ത്യയിലെയും വിദേശത്തെയും കോളജുകൾ, സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസ് സെന്ററുകൾ, ഡിസ്റ്റൻസ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇമിഗ്രേഷൻ കൺസൾട്ടന്റുകൾ തുടങ്ങിയവരെല്ലാം എജുകഫെയിൽ ഭാഗമാകും. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം.