കമൽഹാസന് ഗൾഫ് മാധ്യമത്തിന്റെ ആദരം; വളർത്തിയത് മലയാളികളെന്ന് ഉലക നായകൻ
|വിജയകരമായി പ്രദർശനം തുടരുന്ന 'വിക്രം' സിനിമയുടെ ഇരുപത്തിയഞ്ചാം ദിനം വേദിയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു
ഷാർജ: ഏഴാം വയസ് മുതൽ അറുപത്തിയേഴാം വയസ് വരെ തന്നെ വളർത്തിയത് മലയാളികളാണെന്ന് ഉലകനായകൻ കമൽഹാസൻ. ഷാർജയിൽ കമോൺ കേരള മേളയിൽ 'സെലബ്രേറ്റിംഗ് ദി ലജന്റ്' എന്ന പേരിൽ ഗൾഫ് മാധ്യമം ഒരുക്കിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്രം സിനിമയുടെ ഇരുപത്തിയഞ്ചാം ദിന ആഘോഷവും ഇതോടൊപ്പം നടന്നു.
കമോൺ കേരള സദസിൽ ആവേശത്തിര ഉയർത്തിയ മാസ് എൻട്രിയായിരുന്നു ഉലക നായകന്റേത്. യുവ നർത്തകൻ റംസാനും സംഘവും കമൽ സിനിമയിലെ ചുവടുകളുമായി ആദ്യം കമൽഹാസനെ വരവേറ്റു. യുവ തലമുറയിൽ പലർക്കും താനൊരു മലയാളിയാണെന്ന് സംശയമുണ്ട്. തമിഴനായി ജനിച്ച് മലയാളികൾ വളർത്തിയ ആളാണ് താനെന്ന് കമൽഹാസൻ പറഞ്ഞു. ഒരുകാലത്ത് നാഗരിഗതയുടെ കളിത്തൊട്ടിലായിരുന്ന അറബ് നാടുകൾ ആ പെരുമ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയകരമായി പ്രദർശനം തുടരുന്ന വിക്രം സിനിമയുടെ ഇരുപത്തിയഞ്ചാം ദിനം വേദിയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ആദരത്തിന് നന്ദി സൂചകമായി ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസിനെ കമൽഹാസൻ ചേർത്തുപിടിച്ചു. മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കമൽഹാസന്റെ സിനിമകളും ചലച്ചിത്രഗാനങ്ങളും കോർത്തിണക്കി നടന്ന സെലിബ്രേറ്റിങ് ദി ലജന്റ് പരിപാടിയിൽ ഗായകരായ സിതാര കൃഷ്ണകുമാർ, ആൻ ആമി, അക്ബർ ഖാൻ, ജ്ഞാന ശേഖർ, മിഥുൻ ജയരാജ് തുടങ്ങിയവർ അണിനിരന്നു.