ഗൾഫ് മാധ്യമം എജുകഫേ സമാപിച്ചു; അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനും കൊടിയിറങ്ങി
|15,000 ലേറെ സന്ദർശകർ മേളയിലെത്തി
ഷാർജയിൽ നാലുദിവസം നീണ്ട ഗൾഫ് മാധ്യമം എജുകഫേ വിദ്യാഭ്യാസ പ്രദർശനത്തിന് കൊടിയിറങ്ങി. യു എ ഇ വിദ്യാഭ്യാസമന്ത്രാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും ഇതോടൊപ്പം സമാപിച്ചു. ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പ്രദർശനത്തിന്റെ ഭാഗമായി.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയാണ് ഗൾഫ് മാധ്യമം എജുകഫേ. ആദ്യമായാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി എജുകഫേ ഒരുക്കിയത്. അന്താരാഷ്ട്ര പ്രദർശനത്തിന്റെ ഇന്ത്യൻ പവലയിൻ നടത്തിപ്പിന്റെ പൂർണചുമതല ഗൾഫ് മാധ്യമം എജുകഫേക്കായിരുന്നു. നാല് ദിനങ്ങളിലായി 15,000ലേറെ സന്ദർശകർ മേളയിലെത്തി എന്നാണ് കണക്ക്.
കൂടുതൽ വിദേശ വിദ്യാഭ്യാസ, കരിയർ സ്ഥാപനങ്ങളെയും കോഴ്സുകളെയും സാധ്യതകളെയും അടുത്തറിയാൻ എജുകഫെ സന്ദർശകർക്ക് അവസരമൊരുക്കി. ഗൾഫിൽ നിന്നും കേരളത്തിൽ നിന്നും നിരവധി വിദ്യാഭ്യാസ വിദഗ്ധർ വിദ്യാർഥികളുമായി സംവദിച്ചു.
അവസാന ദിനമായ ഇന്ന് യു.എ.ഇയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരുടെ സംഗമം നടന്നു. ഭാവി വിദ്യാഭ്യാസവും സ്കുളുകളുടെ പ്രവർത്തന രീതിയും എങ്ങിനെയായിരിക്കണമെന്ന ആശയങ്ങൾ അവർ പങ്കുവെച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ നേതൃത്വം നൽകി. എത്തിക്കൽ ഹാക്കർ മഹ്റൂഫ്, പ്രചോദക പ്രഭാഷകൻ മാണിപോൾ എന്നിവരുടെ സെഷനുകളും അരങ്ങേറി.
വിദ്യാർഥികളുടെ മനസറിയുന്ന മാജീക്കിലൂടെ മജീഷ്യൻ രാജമൂർത്തി സദസിനെ കൈയിലെടുത്തു. സമാപന പരിപാടിയിൽ 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, 'ഗൾഫ് മാധ്യമം -മീഡിയവൺ' മിഡ്ൽ ഈസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, സഫയർ ഫ്യൂച്ചർ അക്കാദമി ഡയറക്ടർ സുനിൽ കുമാർ, റേയ്സ് മെഡിക്കൽ, എൻജിനീയറിങ് കോച്ചിങ് ഡയറക്ടർ അഫ്സൽ, സ്മാർട്ട് ട്രാവൽസ എം.ഡി അഫി അഹ്മദ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുൽ സലാം ഒലയാട്ട് എന്നിവർ പങ്കെടുത്തു.