ഗൾഫുഡ് മേളയ്ക്ക് തുടക്കം; വൻ ജനപങ്കാളിത്തം
|ദുബൈ വേൾഡ്ട്രേഡ് സെന്ററിൽ നടക്കുന്ന മേള വെള്ളിയാഴ്ച അവസാനിക്കും.
ദുബൈ: ലോകത്തെ ഏറ്റവും വിപുലമായ ആഗോള ഭക്ഷ്യ, പാനീയ മേളയ്ക്ക് ദുബൈയിൽ തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കമ്പനികളാണ് ഗൾഫുഡ് മേളയിൽ പങ്കെടുക്കുന്നത്.
ദുബൈ വേൾഡ്ട്രേഡ് സെന്ററിൽ നടക്കുന്ന മേള വെള്ളിയാഴ്ച അവസാനിക്കും. മുൻവർഷങ്ങളിൽ നിന്ന് 30 ശതമാനം വൈപുല്യത്തോടെയാണ് ഇക്കുറി ഗൾഫുഡ് മേള അരങ്ങേറുന്നത്. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലേറെ പ്രദർശകരാണ് മേളയിൽ സംബന്ധിക്കുന്നത്.
1500 സ്ഥാപനങ്ങൾ പുതുതായി മേളയ്ക്കെത്തിയിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമാ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആദ്യദിനം തന്നെ മേള സന്ദർശിക്കാനെത്തി.
ഗൾഫുഡ് പ്ലസ് എന്ന പേരിൽ പുതിയ ഹാളും ഇത്തവണ മേളയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ നിന്നും വലിയ പങ്കാളിത്തമാണുള്ളത്. ഇന്ത്യയിലെ പ്രമുഖ പാൽ ഉൽപാദക കമ്പനിയായ അമുൽ പവലിയനും മേളയുടെ ഭാഗമാണ്.