ഹജ്ജ് യാത്ര: പാസ്പോർട്ട് നേരത്തെ നൽകണമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക് തിരിച്ചടി
|ഹജ്ജിന് പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്പോർട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ് കമ്മിറ്റി നിർദേശം
ദുബൈ: ഈ വർഷം ഹജ്ജിനു പോകുന്നവർ പാസ്പോർട്ട് നേരത്തെ സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക് തിരിച്ചടിയാകും. ഏതാണ്ട് രണ്ടര മാസത്തോളം പാസ്പോർട്ട്അധികൃതര്ക്കു കൈമാറേണ്ടി വരുന്നത് പ്രവാസലോകത്ത് തൊഴിലെടുക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് വിവിധ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആവശ്യമായ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.
ഹജ്ജിന് പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്പോർട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ് കമ്മിറ്റി നിർദേശം. യാത്ര പുറപ്പെടുന്നതിന് ഒരു മാസം മുമ്പ് പാസ്പോർട്ട് ഹാജരാക്കണം. വിദേശത്തുള്ളവർക്കും ഇന്ത്യയിലെ ക്വാട്ടയനുസരിച്ച് മാത്രമാണ് ഇപ്പോൾ ഹജ്ജിനു പോകാൻ സാധിക്കുന്നത്.
മെയ് 26ന് ആരംഭിച്ച് ജൂൺ 9ന് അവസാനിക്കുന്ന പ്രകാരമാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് ഷെഡ്യൂൾ. ഇന്ത്യയിൽ നിന്ന് രണ്ടാം ഘട്ടത്തിൽ മാത്രമാണ് കേരളത്തിൽ നിന്നുള്ള ഷെഡ്യൂൾ. നിലവിലെ സ്ഥിതി പ്രകാരം 60 മുതൽ 70 ദിവസങ്ങൾ വരെ പ്രവാസികൾ ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വരും. ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നേരത്തെയുള്ള പാസ്പോർട്ട് കൈമാറ്റം പ്രയാസം സൃഷ്ടിക്കും.
പ്രവാസികളെ പരിഗണിച്ച് യാഥാർഥ്യബോധത്തോടെയുള്ള സമയക്രമം പാസ്പാർട്ട് കൈമാറ്റ കാര്യത്തിലുണ്ടാകണമെന്നാണ് ഐ.സി.എഫ് ഉൾപ്പെടെയുള്ള കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു സർക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നിവേദനം കൈമാറിയിട്ടുണ്ട്.
Summary: This year, the instruction that those going for Hajj should submit their passports early will be a setback for Indian expatriates