ഹരിതം കൊച്ചുബാവ പുരസ്കാരം എം.സി.എ നാസറിന്
|'പുറവാസം' എന്ന ലേഖന സമാഹാരത്തിനാണ് അവാർഡ്
ദുബൈ: ഹരിതം ബുക്സിന്റെ ടി.വി കൊച്ചുബാവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലേഖന സമാഹാരത്തിന് മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ നാസറും പുരസ്കാരത്തിന് അർഹനായി. പത്ത് പ്രവാസി എഴുത്തുകാർക്കാണ് അവാർഡ് നൽകുന്നത്.
ഹരിതം ബുക്സ് മേധാവി പ്രതാപൻ തായാട്ടാണ് എഴുത്തുകാരൻ ടി വി കൊച്ചുബാവയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എം.സി.എ നാസർ എഴുതിയ പുറവാസം എന്ന ലേഖന സമാഹാരം പുരസ്കാരത്തിന് അർഹമായി. കവിതാ സമാഹരത്തിനുള്ള പുരസ്കാരം ഇസ്മായിൽ മേലടിക്ക് സമ്മാനിക്കും.
സാദിഖ് കാവിലിനാണ് ബാലസാഹിത്യ പുരസ്കാരം. ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി എന്നിവരുടെ ലേഖന സമാഹാരങ്ങൾക്കും അവാർഡുണ്ട്. നോവൽ വിഭാഗത്തിൽ സലിം അയ്യനത്ത്, ഹണി ഭാസ്കർ എന്നിവർക്കാണ് പുരസ്കാരം. വെള്ളിയോടൻ, കെ.എം അബ്ബാസ് എന്നിവർ കഥാസമാഹാരത്തിനുള്ള പുരസ്കാരം നേടി. ഓർമകുറിപ്പുകൾക്ക് മനോജ് രാധാകൃഷ്ണന് പുരസ്കാരം നൽകും. ഷീല പോളിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ് നൽകും. നവംബറിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.