ഷാർജ ഗോതമ്പ് പാടത്ത് വീണ്ടും വിളവെടുപ്പ്
|ഭരണാധികാരി ഉദ്ഘാടനം നിർവഹിച്ചു
ഷാർജ: ഷാർജയിലെ ഗോതമ്പ് പാടത്ത് വീണ്ടും വിളവെടുപ്പ് കാലം. രണ്ടാം സീസണിലെ വിളവെടുപ്പ് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഗോതമ്പ് പാടത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ഉദ്ഘാടനവും ഭരണാധികാരി നിർവഹിച്ചു.
കഴിഞ്ഞവർഷമാണ് ഷാർജയിലെ മലീഹയിൽ ഗോതമ്പ് കൃഷി ആരംഭിച്ചത്. വിജയകരമായ കന്നികൊയ്ത്തിന് ശേഷം വീണ്ടും വിത്തിറക്കിയ പാടത്ത് ഇന്ന് രണ്ടാം സീസണിന്റെ കൊയ്ത്ത് നടന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി കൊയ്ത്തിനുള്ള സൈറൺ മുഴക്കി.
ഷാർജയിൽ വിതക്കുന്ന ഗോതമ്പ് വിത്ത് മുതൽ ഇവിടെ വിളവെടുത്ത ഗോതമ്പിന്റെ പൊടിയും, ബ്രഡ് ഉൽപന്നങ്ങളും ഭരണാധികാരി പരിചയപ്പെട്ടു.കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടി സ്ഥലത്താണ് ഇത്തവണ ഗോതമ്പ് കൃഷി. 1428 ഹെക്ടറിലാണ് ഇക്കുറി ഗോതമ്പ് വിളവെടുത്തത്.
ഗോതമ്പ് ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്ത ഡോ. ശൈഖ് സുൽത്താൻ അവിടുത്തെ സൗകര്യങ്ങളും വിലയിരുത്തി. വിവിധ വകുപ്പ് മേധാവികളും വിളവെടുപ്പ് ഉദ്ഘാടനത്തിന് സാക്ഷിയാകാൻ ഭരണാധികാരിക്കൊപ്പം മലീഹയിലെ ഗോതമ്പ് പാടത്ത് എത്തിയിരുന്നു.