ഷാർജ മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു
|നസ്വ മേഖലയിലെ ഷാർജ പൊലീസ് അധികൃതരുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം
ഷാർജ: മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു. ഷാർജയിലെ മരുഭൂമിയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ ഏഷ്യൻ വംശജനെ നാഷണൽ സെർച് ആൻഡ് റെസ്ക്യു സെന്ററിന്റെ ഹെലികോപ്റ്റർ എത്തി ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു.
നസ്വ മേഖലയിലെ ഷാർജ പൊലീസ് അധികൃതരുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽ നട്ടെല്ലിനടക്കം പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അൽ സായിദ് ആശുപത്രിയിലേക്കാണ് ചികിൽസക്കായി എത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് അപകടത്തിൽപെട്ട ഫ്രഞ്ചുകാരനെയും അധികൃതർ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയിരുന്നു.
മരുഭൂമിയിൽ പോകുന്നവർ പാലിക്കേണ്ട കാര്യങ്ങൾ നേരത്തെ നാഷണൽ സെർച് ആൻഡ് റെസ്ക്യു സെന്റർ പുറത്തിറക്കിയിരുന്നു. കൂടുതൽ സമയം തങ്ങാനാണെങ്കിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോർട്ടബിൾ സ്റ്റൗവും കൂടെ കരുതണമെന്നും നിർദേശിച്ചിരുന്നു.
ഓഫ്ലൈൻ മാപ്പുകളുള്ള ഒരു ജി.പി.എസ് ഉപകരണമോ സ്മാർട്ട്ഫോൺ ആപ്പോ ഉപയോഗിക്കുക, ഡ്രൈവ് ചെയ്യുന്നവർ അധിക ഇന്ധനം കൊണ്ടുപോകുക, സംഘമായി യാത്ര ചെയ്യുകയും സമ്പർക്കം പുലർത്തുകയും ചെയ്യുക, പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം നല്ല നിലയിലാണെന്ന് ഉറപ്പാക്കുക, സ്പെയർ ടയറുകൾ, ടയർ മാറ്റുന്ന ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുക എന്നീ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.