![History About Dubai Run 2.26 lakh people participated History About Dubai Run 2.26 lakh people participated](https://www.mediaoneonline.com/h-upload/2023/11/26/1399276-dubai-rin.webp)
ദുബൈ നഗരം ഓറഞ്ച് മയം; ചരിത്രം കുറിച്ച് ദുബൈ റൺ; പങ്കെടുത്തത് 2.26 ലക്ഷം പേർ
![](/images/authorplaceholder.jpg?type=1&v=2)
എല്ലാ പൂർവ റൊക്കോർഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികൾ ആർത്തലച്ചെത്തിയത്.
ദുബൈ: കായിക രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ദുബൈ. പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ് ഞായറാഴ്ച രാവിലെ ദുബൈ സാക്ഷ്യം വഹിച്ചത്. ദുബൈ റണ്ണിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
എല്ലാ പൂർവ റൊക്കോർഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികൾ ആർത്തലച്ചെത്തിയത്. ദുബൈ നഗരം 'ഓറഞ്ചപട'യാൽ നിറഞ്ഞ പ്രഭാതം. ആരോഗ്യ സംരക്ഷണത്തിന്‍റെ പാഠങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപന പരിപാടിയായിരുന്നു ദുബൈ റൺ.
രാവിലെ 6.30ന് ഫ്യൂചർ മ്യൂസിയത്തിന് സമീപത്തായിരുന്നു തുടക്കം. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നിൽ നിന്ന് നയിച്ച റണ്ണിൽ ഇത്തവണ 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഏറെ നീളമേറിയതായിരുന്നു റൺ നിര.
5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ 'ഫൺ റൺ' എന്ന് പ്രകീർത്തിക്കപ്പെടുന്ന പരിപാടിയിൽ കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. ഇത്തവണ എല്ലാ മുൻ റൊക്കോർഡുകളും പഴങ്കഥയായി. പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്‍റെ സന്ദേശമാണ് ദുബെ റൺ പങ്കുവയ്ക്കുന്നത്.