UAE
യു.എ.ഇയിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞതിന്   പിറകെ, അൽഐനിൽ കനത്ത മഴ ലഭിച്ചു
UAE

യു.എ.ഇയിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞതിന് പിറകെ, അൽഐനിൽ കനത്ത മഴ ലഭിച്ചു

Web Desk
|
25 Aug 2022 5:09 AM GMT

ശൈത്യകാലത്തിന്റെ വരവറിയിച്ച്, യു.എ.ഇയുടെ ആകാശത്ത് 'സുഹൈൽ' നക്ഷത്രം തെളിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്ക്, രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. അൽ ഐനിൽ ദുബൈ-അൽ ഐൻ റോഡിൽ കനത്ത മഴ പെയ്യുന്ന ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര(എൻ.സി.എം)മാണ് പുറത്തുവിട്ടിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വരും ആഴ്ചകളിൽ രാജ്യത്തെ താപനില കുറയാൻ സാധ്യതയുണ്ട്.

വേനലിൻറെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് 'സുഹൈൽ'. ഇന്നലെ പുലർച്ചെയാണ് ഇത് ദൃശ്യമായതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചിരുന്നു.

സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യു.എ.ഇയിൽ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വേട്ടയാടൽ കാലത്തിന്റെ തുടക്കമായും ഇതിനെ പറയാറുണ്ട്. 'സിറിയസി'ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Similar Posts