ബുർജ് ഖലീഫയിൽ ഒരു പരസ്യം പ്രദർശിപ്പിക്കാൻ എത്ര കോടി വേണ്ടി വരും..?
|ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിങ്ങളുടെ സ്ഥാപനത്തിന്റെയോ മറ്റോ പരസ്യം പ്രദർശിപ്പിക്കാൻ എത്ര ചെലവ് വരും? നമ്മുടെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ മെഗാഹിറ്റ് ചിത്രമായ കുറുപ്പിന്റെ പ്രമോഷൻ ബുർജ് ഖലീഫയിൽ നടന്നതോർമ്മയില്ലേ..?
അന്ന് ആ പ്രമോഷൻ വീഡിയോ കണ്ടപ്പോഴെങ്കിലും നമ്മളിൽ പലരും ഇതിനെക്കുറിച്ച് ചിന്തിച്ചവരായിരിക്കും. സാക്ഷാൽ ബുർജ് ഖലീഫയെ ലോകത്തെ ഏറ്റവും വലിയ പരസ്യപ്പലകയായി ഉപയോഗിക്കണമെങ്കിൽ ഒരു പരസ്യം പ്രദർശിപ്പിക്കുന്ന സമയത്തേയും ദൈർഘ്യത്തേയും ആശ്രയിച്ചാണ് അതിന് ചെലവ് വരിക.
ഒരു ഏകദേശ കണക്കുകൾ താഴെപറയും ഇപ്രകാരമായിരിക്കും
സാധാരണ പ്രവൃത്തിദിവസങ്ങളിൽ രാത്രി 8 മുതൽ 10 വരെയുള്ള സമയത്തിനിടയിൽ ഒരു മൂന്നു മിനുട്ട് പരസ്യം പ്രദർശിപ്പിക്കാൻ 250,000 യു.എ.ഇ ദിർഹം(ഏകദേശം 56 ലക്ഷം രൂപ) മുതലാണ് ചിലവ് കണക്കാക്കുന്നത്. എന്നാൽ വാരാന്ത്യ ദിവസങ്ങളിൽ ഇതേ സമയത്തും അളവിലും പരസ്യം പ്രദർശിപ്പിക്കണമെങ്കിൽ 350,000(ഏകദേശം 78 ലക്ഷം രൂപ) ദിർഹം വരെയായിരിക്കും ചാർജ്ജ് ഈടാക്കുക.
എന്നാൽ ബക്കറ്റ് പാക്കേജുകളും ബുർജ് ഖലീഫ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപ്രകാരം മൂന്ന് മിനിട്ട് സമയമുള്ള പ്രൊമോകളോ, സിനിമാ ടീസറുകളോ മറ്റോ രാത്രി 8നും 1 മണിക്കുമിടയിൽ രണ്ടു തവണ പ്രദർശിപ്പിക്കാൻ 500,000 ദിർഹം (ഏകദേശം 1.12 കോടി രൂപ) ചെലവ് വരും.
മൂന്ന് മിനിട്ടിന്റെ പരസ്യം ഇനി മേൽ പറഞ്ഞ സമയത്തിനുള്ളിൽ അഞ്ചു തവണകളായി ആകെ പതിനഞ്ച് മിനുട്ട് പ്രദർശിപ്പിക്കണമെങ്കിൽ, 10 ലക്ഷം ദിർഹം അഥവാ ഏകദേശം 2.2 കോടി ഇന്ത്യൻ രൂപയും ചെലവാക്കേണ്ടി വരും.