ഹുആവെ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നു. വൻകിട പദ്ധതികളിൽ കമ്പനി ഒപ്പുവെച്ചു
|2024 മുതൽ സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് സൗദിയിൽ സർക്കാർ കരാർ ലഭിക്കില്ല.
ആഗോള ടെക് ഭീമനായ വാവ്വേ ഗൾഫിലെ കമ്പനി പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നു. സൗദിയിലെ വൻകിട പദ്ധതികളിൽ കരാർ ഒപ്പുവെച്ച സാഹചര്യത്തിലാണ് നീക്കം. 2024 മുതൽ സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് സൗദിയിൽ സർക്കാർ കരാർ ലഭിക്കില്ല. ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങൾ സൗദിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതി നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. സൗദിയിൽ മേഖലാ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്ത വർഷം മുതൽ കരാറുകൾ അനുവദിക്കുന്നത് വിലക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിയിരുന്നു.
ഇതിനിടയിലാണ് സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഹുആവെ ശ്രമമാരംഭിച്ചത്. സൗദി അധികൃതരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്നാണ് സൂചന. ചൈനീസ് ടെക് കമ്പനിയായ ഹുആവെക്ക് നിലവിൽ ബഹറൈനിലും ദുബായിലും ആസ്ഥാനങ്ങളുണ്ട്. റിയാദിലുൽപ്പെടെ മിഡിലീസ്റ്റിലുടനീളമുള്ള വിവിധ നഗരങ്ങളിലും ഓഫീസുകൾ പ്രവർക്കുന്നുമുണ്ട്. ചൈനീസ് ടെക്നോളജി സ്ഥാപനങ്ങളെ ഒഴിവാക്കാൻ അമേരിക്ക സഖ്യകക്ഷികളെ പ്രേരിപ്പിക്കുന്നതിനിടെയാണ് സൌദിയിൽ സാന്നദ്ധ്യം വർധിപ്പിക്കുവാനുള്ള ഹുആവെയുടെ ശ്രമം.
സൗദിയുടെ ദേശീയ ടെലകോം കമ്പനിയായ എസ് ടി സിയും, മുൻനിര ടെലികോം കമ്പനികളായ സൈൻ, മൊബൈലി എന്നിവയുമായും ഹുആവെക്ക് കരാറുണ്ട്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ക്ലൗഡ് കരാറിന് ഹുആവെയാണ് സാഹചര്യമൊരുക്കുന്നത്. ഇതടക്കം വൻകിട കരാറുകൾ ഹുആവെ നേരത്തെ സൗദിയിലെ നിക്ഷേപ മന്ത്രാലയവുമായി ഒപ്പു വെച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം 80 ഓളം കമ്പനികളാണ് തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിന് ലൈസൻസിന് അപേക്ഷിച്ചത്.