ഗൾഫ് യാത്രാമേഖലയിൽ വൻ ഉണർവ്: സഞ്ചാരികളുടെ എണ്ണം ഉയരുമെന്ന് അയാട്ട
|യു.എ.ഇ, സൗദി ഉൾപ്പെടെ ഗൾഫ് മേഖലയിൽ മാത്രം യാത്രാരംഗത്ത് 38 ശതമാനം വർധനയാണ് അയാട്ട മുന്നിൽ കാണുന്നത്
ഗൾഫ് ഉൾപ്പെടെ ആഗോളതലത്തിൽ വിമാനയാത്രാ രംഗത്ത് വൻമുന്നേറ്റം. കോവിഡാനന്തരം ഏറ്റവും ശക്തമായ നിലയിലേക്കാണ് വിമാനയാത്രാ മേഖലയിൽ ഉണർവ് രൂപപ്പെട്ടിരിക്കുന്നത്. ടൂറിസം ഉൾപ്പെടെ അനുബന്ധ വ്യവസായ രംഗത്തും വളർച്ച ശക്തമാണ്.
യു.എ.ഇ, സൗദി ഉൾപ്പെടെ ഗൾഫ് മേഖലയിൽ മാത്രം യാത്രാരംഗത്ത് 38 ശതമാനം വർധനയാണ് അയാട്ട മുന്നിൽ കാണുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻവർധനവാണ് രൂപപ്പെട്ടിരിക്കുന്നത്.അനുകൂലമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ വിമാന യാത്രക്കാരുടെ എണ്ണം ഇനിയും ഏറെ വർധിക്കാൻ വഴിയൊരുക്കുമെന്നാണ് അയാട്ട വിലയിരുത്തൽ.
വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം നടപ്പു വർഷവും അടുത്ത വർഷവും റിക്കാർഡ് കുറിക്കുമെന്നും അയാട്ട അധികൃതർ സൂചിപ്പിച്ചു. ഒട്ടുമിക്ക വിമാന കമ്പനികളും മികച്ച നേട്ടം കൈവരിച്ചതും വ്യോമയാന മേഖലക്ക് മുതൽക്കൂട്ടായി. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്സ് പിന്നിട്ട സാമ്പത്തിക വർഷം ഏതാണ്ട് 11 ബില്യൻ ദിർഹത്തിന്റെ റിക്കാർഡ് വരുമാനമാണ് സ്വന്തമാക്കിയത്. ജീവനക്കാർക്ക് ആറു മാസത്തെ ബോണസ് പ്രഖ്യാപിച്ചാണ് കമ്പനി നേട്ടം ആഘോഷമാക്കിയത്. ഗൾഫ് മേഖലയിലെ മറ്റു വിമാന കമ്പനികളും നേട്ടത്തിലാണ്.
ബജറ്റ് എയർലൈൻസുകളും കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്. ടൂറിസം ഉൾപ്പെടെയുള്ള മേഖലകൾക്കും ഇത് ഗുണം ചെയ്യും. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് വ്യോമയാന, ടൂറിസം മേഖലയിൽ പുതുതായി രൂപപ്പെട്ടിരിക്കുന്നതും. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഇത് പ്രയോജനം ചെയ്യും.