UAE
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റം; ഇസ്രായേലിനെതിരെ യുഎൻ സമിതി
UAE

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റം; ഇസ്രായേലിനെതിരെ യുഎൻ സമിതി

Web Desk
|
21 Aug 2023 5:43 PM GMT

ഫലസ്​തീൻ പ്രദേശങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താൻ അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന്​ ഐക്യരാഷ്​ട്ര സംഘടനക്കു മുമ്പാകെ യുഎൻ സമിതി നിർദേശിച്ചു.

ദുബൈ: വെസ്റ്റ്​ ബാങ്കിലെ ഇസ്രായേൽ കുടിയേറ്റം ഫലസ്തീൻ പ്രശ്നപരിഹാരം സങ്കീർണമാക്കുമെന്ന് അഭയാർഥികൾക്കായുള്ള യുഎൻ സമിതിയുടെ മുന്നറിയിപ്പ്​. ഇസ്രായേൽ അതിക്രമങ്ങൾ കാരണം ഗസ്സയിലും വെസ്റ്റ്​ ബാങ്കിലും ഫലസ്തീൻ ജീവിതം കൂടുതൽ ദുരിതപൂർണമായി മാറിയെന്നും സമിതി ചൂണ്ടിക്കാട്ടി.

ഫലസ്​തീൻ പ്രദേശങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താൻ അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന്​ ഐക്യരാഷ്​ട്ര സംഘടനക്കു മുമ്പാകെ യുഎൻ സമിതി നിർദേശിച്ചു. ഗസ്സയിലെ 12 ലക്ഷത്തോളം വരുന്ന മനുഷ്യർക്ക്​ 35 ദശലക്ഷം ഭക്ഷ്യോൽപന്നങ്ങൾ അടിയന്തരമായി ലഭ്യമാക്കണം. ഗസ്സയിലെ സ്ഥിതിഗതികൾ ഗുരുതരമാണ്​. വൈദ്യുതി പ്രതിസന്ധി മൂലം ജനങ്ങൾ വലയുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന സൈനിക നടപടികൾ വെസ്റ്റ്​ ബാങ്കിലും ഗസ്സയിലും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്​. പരമാവധി സംയമനം പാലിക്കാൻ ഇസ്രായേൽ തയറാകണമെന്നും സമിതി അഭ്യർഥിച്ചു.

പശ്ചിമേഷ്യയിലെ യുഎൻ സമാധാന ദൂതൻ ടോർ വെനസ്​ലാന്റും നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി. ഫലസ്​തീൻ പ്രദേശങ്ങളിലെ എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും പ്രശ്​നപരിഹാരം അസാധ്യമാക്കി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. ഫലസ്​തീൻ സ്വത്തുവകകൾ തകർക്കുന്ന നടപടികളിൽ നിന്ന്​ ഇസ്രായേൽ പിന്തിരിയണമെന്നും വെനസ്​ലാന്റ്​ ആവശ്യപ്പെട്ടു.

Related Tags :
Similar Posts