ഷാർജയിൽ പെയ്ഡ് സോണുകളിൽ കാറിനകത്ത് ഇരിക്കുന്നവരും പാർക്കിങ് ഫീ അടക്കണം
|ഷാർജയിൽ പാർക്കിങ് ഏരിയകളിൽ കാറിനകത്ത് ഇരിക്കുന്നവർക്ക്, ട്രാഫിക് ഫീസ് അടക്കുന്നതിൽ ഇളവ് അനുവദിക്കില്ലെന്ന് ഷാർജാ ട്രാഫിക് വിഭാഗം അറിയിച്ചു. എമിറേറ്റിലെ പാർക്കിങ് നിയന്ത്രിക്കുന്ന ഷാർജ മുനിസിപ്പാലിറ്റിയാണ് പെയ്ഡ് സോണുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ ഇരിക്കുന്നവരും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവല്ലെന്ന് ഓർമിപ്പിച്ചിരിക്കുന്നത്.
വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ പെയ്ഡ് സോണുകളിൽ പാർക്ക് ചെയ്യുകയും പണം നൽകാതെ ഉള്ളിൽ തന്നെ ഇരുന്ന് ഫോൺ ചെയ്യുകയോ മറ്റുള്ളവരെ കാത്തിരിക്കുകയോ ചെയ്യുന്നത് യു.എ.ഇയിൽ പതിവാണ്.
ഡ്രൈവർമാർ പാർക്കിങ് ഏരിയ ഉപയോഗിക്കുന്ന അത്രയും സമയത്തിന് ഫീസ് നൽകിയിരിക്കണമെന്നാണ് പൊലീസ് പറയുന്നത്. വാഹനം പാർക്ക് ചെയ്ത് 10 മിനിറ്റിനുള്ളിൽ തന്നെ, പാർക്കിങ് മീറ്ററുകൾ, അല്ലങ്കിൽ SMS മുഖേന, അതുമല്ലെങ്കിൽ ഡിജിറ്റൽ ഷാർജ ആപ്പ് എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും പേയ്മെന്റ് ചാനലുകൾ വഴി ഡ്രൈവർമാർ ഫീസ് അടച്ചിരിക്കണം.
പാർക്കിങ്ങിന് പണം അടക്കാത്തവർക്ക് 150 ദിർഹമാണ് പിഴയായി ലഭിക്കുക. നിശ്ചിത സമയത്തിനപ്പുറം താമസിച്ചാൽ 100 ദിർഹമാണ് പിഴ ഈടാക്കുക.
വൈകല്യമുള്ളവരെ പോലോത്തവർക്കായി റിസർവ് ചെയ്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കുന്നതിനാൽ അവർ 1,000 ദിർഹമാണ് പിഴയിനത്തിൽ അടക്കേണ്ടി വരിക.