യുഎഇയിലേക്കുള്ള വിമാന നിരക്കിൽ വർധന; പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ
|നേരത്തെ റിട്ടേൺ ടിക്കറ്റെടുത്ത പ്രവാസി കുടുംബങ്ങളെ നിരക്കുവർധന കാര്യമായി ബാധിച്ചിട്ടില്ല.
ദുബൈ: യുഎഇയിൽ അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ നാട്ടിൽ നിന്നുള്ള വിമാന നിരക്കുകളിൽ വൻ വർധന. മിക്ക വിമാന കമ്പനികളിലും വൻതുക നൽകിയാണ് പ്രവാസി കുടുംബങ്ങളുടെ മടക്കയാത്ര. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കാത്തതു കാരണം കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവരും കുറവല്ല.
രണ്ടു മാസത്തോളം നീണ്ട വേനലവധിക്ക് അറുതിയായി ഈ മാസം 28നാണ് യുഎഇയിൽ ഇന്ത്യൻ വിദ്യാലയങ്ങൾ തുറക്കുന്നത്. അധ്യാപകരും ജീവനക്കാരും ഇതിനകം തന്നെ യുഎഇയിൽ മടങ്ങിയെത്തിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും ഉയർന്ന യാത്രാനിരക്ക് നൽകാൻ നാട്ടിലെത്തിയ പ്രവാസികൾ നിർബന്ധിക്കപ്പെടുകയാണ്. നേരത്തെ റിട്ടേൺ ടിക്കറ്റെടുത്ത പ്രവാസി കുടുംബങ്ങളെ നിരക്കുവർധന കാര്യമായി ബാധിച്ചിട്ടില്ല.
അതേസമയം, ടിക്കറ്റ് ചാർജ് കുറയുമെന്ന പ്രതീക്ഷയിൽ മടക്കയാത്രാ ടിക്കറ്റെടുക്കാൻ കാത്തിരുന്ന കുടുംബങ്ങളാണ് ശരിക്കും വെട്ടിലായത്. കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് വൺവേ ടിക്കറ്റിന് നാൽപതിനായിരത്തിനു മുകളിൽ വരെ തുക നൽകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കുടുംബസമേതം കണക്ഷൻ ഫ്ലൈറ്റുകളിൽ ടിക്കറ്റെടുത്ത് യുഎഇയിൽ എത്തേണ്ട സ്ഥിതിയിലാണ് പലരും. ഓണം നാട്ടിൽ ചെലവിട്ട് മടങ്ങാൻ തീരുമാനിച്ച കുടുംബങ്ങൾക്കും നിരക്കുവർധന വലിയ തിരിച്ചടിയായി.
അധിക സർവീസുകൾ ഏർപ്പെടുത്തി പ്രതിസന്ധി മറികടക്കാൻ അവസരം ഒരുക്കമെന്ന പ്രവാസി കൂട്ടായ്മകളുടെ ആവശ്യമാകട്ടെ വിജയിച്ചില്ല. ചാർട്ടർ വിമാനങ്ങൾ ഒരുക്കി യാത്രാപ്രശ്നം മറികടക്കാൻ എല്ലാ നീക്കവും നടത്തുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനവും ഇനിയും എങ്ങുമെത്തിയില്ല.