എണ്ണ വിലയിൽ വർധന; ഉൽപാദന നയത്തിൽ മാറ്റമില്ലെന്ന് ഒപെക്
|ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് എണ്ണവില ഉയർന്നത്.
ദുബൈ: ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ഒപെക് നേതൃത്വം. ഒക്ടോബർ വരെ പ്രതിദിന ഉൽപാദനത്തിൽ ദശലക്ഷം ബാരൽ കുറവ് തുടരുമെന്ന് പ്രധാന എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയും വ്യക്തമാക്കി. ബാരലിന് നൂറ് ഡോളറിനു മുകളിലേക്ക് നിരക്ക് ഉയർന്നേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് തിരിച്ചടിയാകും.
ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് എണ്ണവില ഉയർന്നത്. അസംസ്കൃത എണ്ണ ബാരലിന് 88 ഡോളറിനു മുകളിലെത്തി. ഇടക്കാലത്തെ വിലത്തകർച്ച മുൻനിർത്തിയാണ് പ്രതിദിന ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്താൻ നേരത്തെ ഒപെക് കൂട്ടായ്മ തീരുമാനിച്ചിരുന്നത്. വില ഉയരുന്ന സാഹചര്യത്തിലും ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഒപെക് അറിയിച്ചു.
എണ്ണ കയറ്റുമതിയിൽ കുറവ് വരുത്താനുളള ഒപെക് തീരുമാനത്തെ പിന്തുണക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഉൽപാദനം വെട്ടിക്കുറക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന ഇന്ത്യ, അമരിക്ക ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ തള്ളി. ലോകരാജ്യങ്ങളിൽ ആവശ്യകത വർധിച്ചത് വിപണിക്ക് മുതൽക്കൂട്ടായി മാറുമെന്നും ഒപെക് വിലയിരുത്തുന്നു.
ചൈനയുടെ ഉൽപാദന മേഖല നേരിടുന്ന തിരിച്ചടി എണ്ണവിലയ്ക്ക് തിരിച്ചടിയാകുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ എണ്ണ ചൈനയുടെ എണ്ണ ഇറക്കുമതിയിൽ നടപ്പുവർഷം കാര്യമായ കുറവ് വരില്ലെന്നാണ് ഒപെക് വിലയിരുത്തൽ. നടപ്പുവർഷം തന്നെ എണ്ണവില ബാരലിന് നൂറ് ഡോളർ കടന്നേക്കുമെന്നാണ് സൂചന.