UAE
Increase in oil prices OPEC says there is no change in production policy
UAE

എണ്ണ വിലയിൽ വർധന; ഉൽപാദന നയത്തിൽ മാറ്റമില്ലെന്ന്​ ഒപെക്​

Web Desk
|
2 Sep 2023 5:42 PM GMT

ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ്​ എണ്ണവില ഉയർന്നത്​​.

ദുബൈ: ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന്​ ഒപെക്​ നേതൃത്വം. ഒക്​ടോബർ വരെ പ്രതിദിന ഉൽപാദനത്തിൽ ദശലക്ഷം ബാരൽ കുറവ്​ തുടരുമെന്ന്​​ പ്രധാന എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയും വ്യക്തമാക്കി. ബാരലിന്​ നൂറ്​ ഡോളറിനു മുകളിലേക്ക്​ നിരക്ക്​ ഉയർന്നേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്ക്​ തിരിച്ചടിയാകും.

ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ്​ എണ്ണവില ഉയർന്നത്​​. അസംസ്​കൃത എണ്ണ ബാരലിന്​ 88 ഡോളറിനു മുകളിലെത്തി​. ഇടക്കാലത്തെ വിലത്തകർച്ച മുൻനിർത്തിയാണ്​ പ്രതിദിന ഉൽപാദനത്തിൽ ഗണ്യമായ കുറവ്​ വരുത്താൻ നേരത്തെ ഒപെക്​ കൂട്ടായ്​മ തീരുമാനിച്ചിരുന്നത്​. വില ഉയരുന്ന സാഹചര്യത്തിലും ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്​ ഒപെക്​ അറിയിച്ചു.

എണ്ണ കയറ്റുമതിയിൽ കുറവ്​ വരുത്താനുളള ഒപെക്​ തീരുമാനത്തെ പിന്തുണക്കുമെന്ന്​ റഷ്യൻ ​ഉപപ്രധാനമന്ത്രി അലക്​സാണ്ടർ നൊവാക്​ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഉൽപാദനം വെട്ടിക്കുറക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന ഇന്ത്യ, അമരിക്ക ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം ഒപെക്​, ഒപെക്​ ഇതര രാജ്യങ്ങൾ തള്ളി. ലോകരാജ്യങ്ങളിൽ ആവശ്യകത വർധിച്ചത്​ വിപണിക്ക്​ മുതൽക്കൂട്ടായി മാറുമെന്നും ഒപെക്​ വിലയിരുത്തുന്നു.

ചൈനയുടെ ഉൽപാദന മേഖല നേരിടുന്ന തിരിച്ചടി എണ്ണവിലയ്ക്ക്​ തിരിച്ചടിയാകുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ​എണ്ണ ചൈനയുടെ എണ്ണ ഇറക്കുമതിയിൽ നടപ്പുവർഷം കാര്യമായ കുറവ്​ വരില്ലെന്നാണ്​ ഒപെക്​ വിലയിരുത്തൽ. നടപ്പുവർഷം തന്നെ എണ്ണവില ബാരലിന്​ നൂറ്​ ഡോളർ കടന്നേക്കുമെന്നാണ്​ സൂചന.



Similar Posts