യുഎഇക്ക് രൂപ നൽകി എണ്ണ വാങ്ങി ഇന്ത്യ; പ്രാദേശിക കറൻസിയിലെ ആദ്യ ഇടപാട്
|ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം നടപ്പാക്കിയ ശേഷം ആദ്യമായി ഇന്നലെയാണ് പ്രാദേശിക കറൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടന്നത്.
ദുബൈ: ഇന്ത്യയും യുഎഇയും തമ്മിൽ പ്രാദേശിക കറൻസിയിൽ എണ്ണ ഇടപാട് തുടങ്ങി. രൂപ നൽകി, പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ, യുഎഇയിൽ നിന്ന് വാങ്ങി. പ്രാദേശിക കറൻസി ഇടപാട് പക്ഷെ, അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യത്തിന് വലിയ തുണയായില്ല. സ്വാതന്ത്ര്യദിനത്തിൽ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയി.
ഇന്ത്യയും യുഎഇയും തമ്മിൽ ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം നടപ്പാക്കിയ ശേഷം ആദ്യമായി ഇന്നലെയാണ് പ്രാദേശിക കറൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടന്നത്. യുഎഇ എണ്ണക്കമ്പനിയായ അഡ്നോക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങി.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിക്കാനുള്ള ധാരണപാത്രത്തിൽ ഒപ്പുവച്ചത്. അന്ന് തന്നെ 25 കിലോ സ്വർണം 12 കോടി 84 ലക്ഷം രൂപയ്ക്ക് ഇന്ത്യയിലേക്ക് അയച്ചിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും കരാറിലേർപ്പെട്ടത്.
ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരത കൂട്ടുമെന്നുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ഇന്ന് രൂപയുടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു. ഡോളർ ശക്തിയാർജിച്ചതോടെ ഇന്നലെയും ഇന്നും രൂപയുടെ മൂല്യം കൂപ്പുകുത്തി. ഗൾഫ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ ഒരു ദിർഹത്തിന് 22 രൂപ 62 പൈസയുണ്ടായിരുന്ന മൂല്യം ഇന്ന് ഉച്ചയോടെ വീണ്ടും ഇടിഞ്ഞ് 22 രൂപ 72 പൈസയിലേക്ക് വീണു.
എന്നാൽ, ഇടപാട് അവസാനിക്കുമ്പോൾ 22 രൂപ 66 പൈസ എന്ന നിലയിലേക്ക് രൂപ കരകയറിയതാണ് ആശ്വാസം. ആഗസ്റ്റ് എട്ടിന് മൂല്യം ഒരു ദിർഹത്തിന് 22 രൂപ 86 പൈസ എന്ന നിലയിൽ വീണിരുന്നു.