ഇന്ത്യ പുനരുപയോഗ ഊർജപാതയിൽ; പദ്ധതികൾ ഊർജിതമെന്ന് കേന്ദ്രമന്ത്രി
|2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്നും മന്ത്രി
അബൂദബി: പുനരുപയോഗ ഊർജത്തിലേക്ക് ഇന്ത്യ അതിവേഗം സഞ്ചരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ്പുരി. 2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. അബൂദബിയിൽ നടക്കുന്ന അഡിപെക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർദീപ് സിങ് പുരി.
ഊർജസുരക്ഷ ഉറപ്പുവരുത്തുക, കാർബൺബഹിർഗമനം കുറക്കുക എന്നിവ ലക്ഷ്യമിട്ട് നിരവധി നടപടികളാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ദേശീയനയം വിജയകരമാണെന്നും മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. 10 ശതമാനം എതനോൾ ഉൾപ്പെടുന്ന പെട്രോൾ ഉത്പാദിപ്പിക്കാനുള്ള പദ്ധതി നിശ്ചിത സമയത്തിനും മുന്‍പേ പൂർത്തിയായി. നിലവിൽ എതനോൾ 20 മിശ്രിതം ഉൾപ്പെടുന്ന പെട്രോൾ വിതരണം ചെയ്യുന്ന 5,000ത്തിലധികം പമ്പുകളാണ് ഇന്ത്യയിലുള്ളത്.
ഇലക്ട്രിക് വാഹന വിപണിയും കുതിപ്പു തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. 2025ഓടെ ഊർജ ഉപയോഗത്തിന്‍റെ 20 ശതമാനം ജൈവ ഇന്ധനമായി മാറ്റാനാകുമെന്നാണ് പ്രതീക്ഷ. ലോകത്ത്ഹരിത ഹൈഡ്രജൻ ഉപയോഗം വിജയിച്ച രാജ്യം ഇന്ത്യയാണെന്നും മന്ത്രി അവകാശപ്പെട്ടു. അതിനിടെ, ആഗോള വിപണിയിൽ പെട്രോൾ വില ഗണ്യമായി ഉയരുന്നത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് ഒന്നാകെ ഭീഷണിയാണെന്ന് ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പ്രതികരിച്ചു
ഉൽപാദന നയത്തിൽ മാറ്റം വരുത്തി ഇന്ധനവിലയുടെ കുതിപ്പ് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടിരുന്നു.
Summary: ''India is on renewable energy path'': The Union Petroleum Minister Hardeep S Puri