പാർലമെന്ററി രംഗത്തും ഇന്ത്യ-യു.എ.ഇ സഹകരണം;നിയമനിർമാണം പ്രവാസികൾക്ക് നിർദേശിക്കാം
|അബൂദബിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ചാപ്റ്ററും ഇന്ത്യൻ ബിസിനസ് ആന്റ് പ്രഫഷനൽ ഗ്രൂപ്പും സ്പീക്കർക്ക് സ്വീകരണം ഒരുക്കിയിരുന്നു
യു.എ.ഇയിലെത്തിയ ലോക്‌സഭാ സ്പീക്കർ ഓം ബിർള അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്ററി രംഗത്തും ഇന്ത്യ-യു.എ.ഇ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നതായി സ്പീക്കർ അറിയിച്ചു.
അബൂദബിയിലെ ഖസർ അൽ ബഹർ മജ്‌ലിസിലാണ് അബൂദബി കിരീടാവാകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലോക്‌സഭാ സ്പീക്കർ ഓംബിർളക്ക് സ്വീകരണം ഒരുക്കിയത്. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ യു എ ഇയുടെ പുരോഗതിക്ക് ഇന്ത്യക്കാർ നൽകുന്ന സംഭാവനകളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചുവെന്ന് ഓം ബിർള പറഞ്ഞു. അബൂദബിയിൽ പ്രവാസി പ്രതിനിധികളുമായും സ്പീക്കർ കൂടിക്കാഴ്ച നടത്തി.
പാർലമെന്റിലെ നിയമനിർമാണത്തിന് പ്രവാസികൾക്കും നിർദേശങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അബൂദബിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ചാപ്റ്ററും ഇന്ത്യൻ ബിസിനസ് ആന്റ് പ്രഫഷനൽ ഗ്രൂപ്പും സ്പീക്കർക്ക് സ്വീകരണം ഒരുക്കിയിരുന്നു.