ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ കരാർ; തൊഴിലവസരങ്ങൾ വർധിക്കാൻ സാധ്യത
|യു.എ.ഇക്കു പിന്നാലെ മറ്റ് ഗൾഫ് രാജ്യങ്ങളുമായും സ്വതന്ത്ര വാണിജ്യ കരാറുകൾക്ക് ഉടൻ രൂപം നൽകും.
അടുത്ത മാസം ഒന്നുമുതൽ നടപ്പിലാകുന്ന ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജമ്മു കശ്മീരിൽ മാത്രം 3,000 കോടിയുടെ നിക്ഷേപത്തിനാണ് സാധ്യത. ഇരു രാജ്യങ്ങളിലെയും ബിസിനസ് ചേംബറുകൾ തമ്മിൽ നിരന്തര കൂടിയാലോചനകൾക്കും തുടക്കം കുറിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ വികസിച്ച തലങ്ങളിലേക്ക് കൊണ്ടുപോവുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇക്കു പിന്നാലെ മറ്റ് ഗൾഫ് രാജ്യങ്ങളുമായും സ്വതന്ത്ര വാണിജ്യ കരാറുകൾക്ക് ഉടൻ രൂപം നൽകും. കയറ്റിറക്കുമതി തീരുവയിൽ കാര്യമായ ഇളവ് ലഭിക്കും എന്നതാണ് കരാറിൻറ ഏറ്റവും മികച്ച നേട്ടം. സ്ഥാപനങ്ങൾക്കും കർഷകർക്കും ഇത് അനുകൂല സാഹചര്യം ഒരുക്കും. ഉപാധികളില്ലാത്ത വാണിജ്യ പ്രക്രിയയിലൂടെ വിപണിയെ ജീവത്താക്കി നിർത്താൻ കരാറിന് സാധിക്കുമെന്ന് ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രാലയങ്ങൾ അറിയിച്ചു. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്നയുടെ നേതൃത്വത്തിലുള്ള യു.എ.ഇ ബിസിനസ് സംഘം ജമ്മു കശ്മീരിൽ സന്ദർശനം നടത്തി.
കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർ ഏറെ താൽപര്യത്തോടെയാണ് കരാറിനെ നോക്കി കാണുന്നത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ മുതൽ ചികിൽസാ ഉപകരണങ്ങൾക്ക് വരെ യു.എ.ഇയിൽ അഞ്ച് ശതമാനം തീരുവ ഇളവ് ലഭിക്കും.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വർഷത്തിൽ 26 ശതകോടി ഡോളറിന്റെ വസ്തുക്കളാണ് കയറ്റി അയക്കുന്നത്. കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങളും കൂടുതലായി യു.എ.ഇയിലെത്തും. ഇതിലൂടെ നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മെച്ചമുണ്ടാകും.