യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കും സന്ദർശകർക്കും ഇനി ഫോൺപേ വഴി പെയ്‌മെൻറ് നൽകാം, ഇങ്ങനെ...
|ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ഫോൺപേ സൗകര്യം ലഭ്യമാക്കുന്നത്
ദുബൈ: യു.എ.ഇയിൽ ജോലി ചെയ്യുന്നവരോ സന്ദർശനത്തിന് എത്തിയവരോ ആയ ഇന്ത്യൻ പൗരന്മാർക്ക് ഇനി ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം. കമ്പനിയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസിന്റെ (യുപിഐ) വിപുലീകരിച്ചതോടെയാണ് ഇത് സാധ്യമാകുന്നത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ഫോൺപേ സൗകര്യം ലഭ്യമാക്കുന്നത്.
റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് ഔട്ട്ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയിലുടനീളം ലഭ്യമായ മഷ്‌രിഖിന്റെ നിയോപേ ടെർമിനലുകളിലാണ് ഇടപാടുകൾ നടത്താനാകുക. ടെർമിനലിൽ കാണിക്കുന്ന കറൻസി വിനിമയ നിരക്കനുസരിച്ച് ഇന്ത്യൻ രൂപയിലാണ് അക്കൗണ്ടിൽനിന്ന് പണം ഈടാക്കുകയെന്നാണ് ഫോൺപേ പറയുന്നത്.
ഫോൺപേ ഇന്റർനാഷണൽ എങ്ങനെ ആക്ടീവാക്കാം?
- ഫോൺപേ ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
- 'പെയ്മെന്റ് സെറ്റിംഗ്‌സ്' വിഭാഗത്തിന് കീഴിലുള്ള 'യു.പി.ഐ ഇന്റർനാഷണൽ' തിരഞ്ഞെടുക്കുക
- അന്താരാഷ്ട്ര യു.പി.ഐ പെയ്മെന്റുകൾക്കായി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള 'ആക്ടിവേറ്റ്' ടാപ്പ് ചെയ്യുക
- ആക്ടിവേഷൻ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ യു.പി.ഐ പിൻ നൽകുക
യുഎഇയിൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കാം?
- ഏതെങ്കിലും നിയോപേ ടെർമിനലിൽ, പെയ്മെന്റിനായി ഫോൺപേ ആപ്പിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുക
- ഇന്ത്യൻ രൂപയിലായിരിക്കും അക്കൗണ്ടിൽനിന്ന് പണം ഈടാക്കുക
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് എങ്ങനെ ഫോൺപേ ഉപയോഗിച്ച് പണമടയ്ക്കാനാകും?
- യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഫോൺപേ ആപ്പ് ഡൗൺലോഡ് ചെയ്യാം
- നിയോപേ ടെർമിനലുകളിൽ ആപ്പ് വഴി പേയ്മെന്റുകൾ നടത്തുന്നതിന് അവരുടെ നിലവിലുള്ള എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക