പിടിവിട്ട് വിമാനനിരക്കുകള്‍; അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യോമയാനമന്ത്രിക്ക് എംപിയുടെ കത്ത്
|ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാന യാത്രാ നിരക്കില്‍ ജൂലൈ 1 മുതല്‍ നാലിരട്ടി വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്
ഗള്‍ഫ് മേഖലയില്‍ ബലിപെരുന്നാള്‍ അവധിയും മധ്യവേനലവധിയും പ്രമാണിച്ച് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ഡോ. വി ശിവദാസന്‍ ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാന യാത്രാ നിരക്കില്‍ ജൂലൈ 1 മുതല്‍ നാലിരട്ടി വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ വേനലവധിയാരംഭിക്കുന്നതും ബലിപെരുന്നാളും പ്രമാണിച്ച് നിരവധി പ്രവാസി കുടുംബങ്ങള്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് ഇത്തരത്തില്‍ വിമാനക്കനമ്പനികള്‍ 'കൊള്ളലാഭം' കൊയ്യുന്നത്.
ഇതിനെതിരെ വിശദമായി തന്നെ എം.പിയുടെ കത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. യാത്രാനിരക്കുകളിലെ ഈ അഭൂതപൂര്‍വമായ വര്‍ധനവ് ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ പ്രവാസികല്‍ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കത്തില്‍ വിമര്‍ശിക്കുന്നു. വ്യോമയാന മന്ത്രി വിശയത്തില്‍ ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.