സ്വദേശിവൽക്കരണം കർശനമാക്കി യു.എ.ഇ; നടപ്പാക്കാത്ത കമ്പനികൾക്ക് ജുലൈ മുതൽ പിഴ
|50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്.
നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കിയില്ലെങ്കിൽ ജുലൈ മുതൽ പിഴ ഇടാക്കുമെന്ന് യു.എ.ഇ. ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം ജൂൺ 30നകം പൂർത്തിയാക്കണം. 50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്.
മാനവവിഭവ, എമിററ്റൈസേഷൻ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത് 2022ൽ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിർദേശം നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന്പുറമെ ഒരു ശതമാനം കൂടി സ്വദേശികളെ നിയമിക്കാനാണ് ജൂൺ വരെ സമയം അനുവദിച്ചിരിക്കുന്നത്.
നിയമിക്കാതിരുന്ന ഒരോ ഇമാറാത്തിക്കും 42,000ദിർഹം വീതമാണ് പിഴ അടക്കേണ്ടി വരിക. ജൂലൈ മുതൽ ഓരോ മാസവും 7000 ദിർഹം വീതം കണക്കാക്കി വർഷാവസാനം വരെയുള്ള തുകയാണിത്. പിന്നീട് 2026 വരെ ഓരോ വർഷവും 1000ദിർഹം വീതം വർധിപ്പിച്ച് ഫൈൻ അടക്കേണ്ടതായും വരും. 2026ൽ സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് ഫെഡറൽ നിയമം ലക്ഷ്യമിടുന്നത്.
ഓരോ വർഷവും രണ്ടു ശതമാനം വെച്ച് ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് തുടക്കം കുറിച്ചത്.. ഓരോ വർഷത്തെയും ടാർഗറ്റ് ആറു മാസത്തേക്ക് ഒരു ശതമാനം എന്ന നിലയിൽ വിഭജിച്ചാണ് നടപ്പിലാക്കുക. ഈ വർഷം ജൂൺ 30 ഓടെ കമ്പനികൾ ആകെ ജീവനക്കാരുടെ മൂന്ന് ശതമാനത്തിൽ സ്വദേശികളെ നിയമിക്കണം. തൊഴിൽ നൈപുണ്യം ആവശ്യമുള്ള തസ്തികകളിലാകണം നിയമനം. 2023 ഡിസംബറോടെ സ്വദേശിവൽക്കരണം നാലു ശതമാനത്തിൽ എത്തിക്കുകയും വേണം.