ഷാർജയിലേക്ക് ഇന്ത്യൻ നിക്ഷേപകരുടെ പ്രവാഹം
|സമഗ്ര സാമ്പത്തിക കരാർ പ്രയോജനപ്പെടുത്താൻ പുതിയ പദ്ധതികൾക്കു ഷാർജ രൂപം നൽകുകയാണ്
ദുബൈ: ഷാർജയിലേക്ക് ഇന്ത്യൻ നിക്ഷേപകരുടെ പ്രവാഹമുണ്ടെന്നും ഷാർജ ഫ്രീസോണുകളിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണം ഗണ്യമായി ഉയർന്നതായും അധികൃതർ വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക കരാർ പ്രയോജനപ്പെടുത്താൻ പുതിയ പദ്ധതികൾക്കു ഷാർജ രൂപം നൽകുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യദിനാചരണം മുൻനിർത്തി ഷാർജ ചേംബർ മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവൻ ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു. ഇന്ത്യൻ നിക്ഷേപകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഷാർജ ചേംബർ സന്നദ്ധത അറിയിച്ചു. അടുത്തിടെ ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നൂറുകണക്കിന് നിക്ഷേപകരാണ് ഷാർജയിൽ മുതൽമുടക്കാൻ തയാറായിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ത്യൻ ബിസിനസുകാർക്കും നിക്ഷേപകർക്കും ഷാർജ നൽകി വരുന്ന സഹകരണത്തിന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവൻ നന്ദി അറിയിച്ചു. 'സെപ' കരാർ ഉൾപ്പെടെയുള്ളവ യാഥാർഥ്യമായതോടെ ഇരു രാജ്യങ്ങൾക്കും ഇടയിൽ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നതെന്ന് ഇരു വിഭാഗവും വിലയിരുത്തി. ഇന്ത്യൻ ബിസിനസ് പ്രൊഫഷനൽ കൗൺസിൽ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ചേംബർ ഡയരക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അമീൻ അൽ അവാദി, ഷാർജ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ ചെയർമാൻ ലാലു സാമുവൽ എന്നിവരും സംസാരിച്ചു.