'ഇന്ത്യയുടെ അഖണ്ഡത, ഭരണഘടനയുടെ കരുത്ത്'; ഷാർജയിൽ ഭരണഘടനാ സെമിനാർ
|ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതി പോകാതെ ഇന്ത്യയെ കെട്ടുറപ്പോടെ നിലനിർത്തുന്നത് സുശക്തമായ ഭരണഘടനയാണെന്ന് സെമിനാറിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി
ദുബൈ: ഏഴര പതിറ്റാണ്ടായി ഇന്ത്യ എന്ന മഹരാജ്യത്തിന്റെ അഖണ്ഡത നിലനിർത്തുന്നത് കരുത്തുറ്റ ഭരണഘടനയാണെന്ന് ഷാർജയിൽ നടന്ന ഭരണഘടനാ സെമിനാർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ് അലുംമ്‌നി യു.എ.ഇ ചാപ്റ്ററാണ് അഡ്വ. പി ഹബീബ് റഹ്മാൻ അനുമസ്മരണത്തിന്റെ ഭാഗമായി ഭരണഘടന സെമിനാർ സംഘടിപ്പിച്ചത്.
ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതി പോകാതെ ഇന്ത്യയെ കെട്ടുറപ്പോടെ നിലനിർത്തുന്നത് സുശക്തമായ ഭരണഘടനയാണെന്ന് സെമിനാറിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. പരിപാടി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. 'ഭരണഘടന വാദം പ്രതിവാദം' എന്ന വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാൻ, മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, അഭിഭാഷകരായ അഡ്വ. ഹാഷിക് തൈക്കണ്ടി, അഡ്വ. ബിനി സരോജ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. ഇസ്മായിൽ ഏറാമല ആമുഖപ്രഭാഷണം നടത്തി. കെ.എ ഹാറൂൺ റഷീദ്, നിസാർ തളങ്കര, അഡ്വ. വൈ.എ റഹീം തുടങ്ങിയവരും സംസാരിച്ചു.