തൊഴിലാളികൾക്ക് അന്താരാഷ്ട്ര ഉല്ലാസയാത്ര; മേയ് ദിനം വേറിട്ടതാക്കി ദുബൈയിലെ മലയാളി സ്ഥാപനം
|വേനൽചൂടിൽ ഉരുകുന്ന യുഎഇയിലെ തൊഴിലിടത്തിൽ നിന്നാണ് മഞ്ഞ് മൂടികിടക്കുന്ന ജോർജിയയിലേക്ക് ഉല്ലാസ യാത്ര പോയത്.
ദുബൈ: മെയ് ദിനത്തിൽ തൊഴിലാളികൾക്ക് വിദേശ ഉല്ലാസയാത്രയ്ക്ക് അവസരം ഒരുക്കി ദുബൈയിലെ മലയാളി സ്ഥാപനം. പത്ത് തൊഴിലാളികൾക്ക് ജോർജിയയിൽ നാല് ദിവസം അവധി ആഘോഷിക്കാൻ അവസരം നൽകിയാണ് വേൾഡ് സ്റ്റാർ ഹോൾഡിങ് എന്ന സ്ഥാപനം മേയ് ദിനാഘോഷം വേറിട്ടതാക്കിയത്.
വേനൽചൂടിൽ ഉരുകുന്ന യുഎഇയിലെ തൊഴിലിടത്തിൽ നിന്നാണ് മഞ്ഞ് മൂടികിടക്കുന്ന ജോർജിയയിലേക്ക് ഉല്ലാസ യാത്ര പോയത്. നാല് ദിവസം ജോർജിയയിൽ തൊഴിലാളികൾ അടിച്ചുപൊളിച്ചു. മഞ്ഞ് മൂടിയ ഗുഡൗരി മലയിലും പച്ചപ്പ് നിറഞ് സാൽക താഴ്‌വരയിൽ അവർ എല്ലാം മറന്ന് ഉല്ലസിച്ചു. ജോർജിയൻ തലസ്ഥാനമായ തിബിലിസിയിലായിരുന്നു തൊഴിലാളികളുടെ തൊഴിലാളി ദിനാഘോഷം.
സൂപ്പർഹീറോ പദവി നൽകി ആദരിച്ച് വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസൈൻ, എം.ഡി ഹസീന നിഷാദ് എന്നിവർ തൊഴിലാളികളെ ജോർജിയയിലേക്ക് യാത്രയാക്കി. മികച്ച സേവനം കാഴ്ചവെച്ചതിനുള്ള ഉപഹാരമായാണ് കമ്പനി അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ഇവർക്ക് അന്താരാഷ്ട്ര ഉല്ലാസയാത്ര തന്നെ ഒരുക്കിയത്.