'കീം' പരീക്ഷക്കൊരുങ്ങി ദുബൈ
|യു.എ.ഇ സമയം രാവിലെ 8.30 മുതൽ 11 വരെയും ഉച്ചക്ക് ഒന്നുമുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം.
'കീം' പരീക്ഷക്കുള്ള തയാറെടുപ്പുകൾ ദുബൈയിൽ പുരോഗമിക്കുന്നു. ദുബൈയിലാണ് യുഎ.ഇയിലെ ഏക പരീക്ഷാ കേന്ദ്രമുള്ളത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ദുബൈ കേന്ദ്രത്തിൽ പരീക്ഷ നടക്കുക.
ആഗസ്റ്റ് അഞ്ചിനാണ് കീം എന്നറിയപ്പെടുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുക. യുഎഇയിൽനിന്ന് 383 വിദ്യാർഥികളാണ് പരീക്ഷക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് യു.എ.ഇയിലെ ഏക പരീക്ഷാകേന്ദ്രം.
നേരത്തെ ഈ മാസം 24നായിരുന്നു പരീക്ഷ തീരുമാനിച്ചിരുന്നത്. എന്നാൽ ഐ.ഐ.ടി, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾ വന്നുപെട്ടതിനെ തുടർന്നാണ് ആഗസ്റ്റ് അഞ്ചിലേക്കു മാറ്റാൻ തീരുമാനിച്ചത്.
യു.എ.ഇ സമയം രാവിലെ 8.30 മുതൽ 11 വരെയും ഉച്ചക്ക് ഒന്നുമുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം. രാവിലെ ഫിസിക്സും കെമിസ്ട്രിയും ഉച്ചക്ക് കണക്കും നടക്കും. സി.സി.ടി.വി ലിങ്ക് മുഖേന എൻട്രൻസ് കമ്മിഷണർ തിരുവനന്തപുരത്തുനിന്ന് തൽസമയം പരീക്ഷാ നടത്തിപ്പ നിരീക്ഷിക്കും. പരീക്ഷക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി മേൽനോട്ടം വഹിക്കുന്ന ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
ദുബൈ നോളജ് ഹ്യൂമൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷാ നടത്തിപ്പുമായി കോൺസുലേറ്റ് മുന്നോട്ടു പോകുന്നത്.