ദുബൈ എക്സ്പോയിൽ ഇനി കേരളദിനങ്ങൾ: ജൂബിലി പാർക്കിലെ വേദിയിൽ മുഖ്യമന്ത്രിയും ആവേശമായി മമ്മൂട്ടിയും
|പ്രവാസി മലയാളികൾ അഭിമാനമാണെന്ന് പറഞ്ഞാണ് നടൻ മമ്മൂട്ടി സദസിനെ അഭിസംബോധന ചെയ്തത്
ദുബൈ എക്സ്പോയിൽ കേരളവാരത്തിന്റെ ഭാഗമായ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. പരിപാടികൾ യു എ ഇ മന്ത്രി റീം അൽ ഹാഷ്മി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ജുബിലി പാർകിലെ വേദിയിലെത്തി.
ദുബൈ എക്സ്പോയിലെ ജൂബിലി പാർക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന്റെ പ്രസംഗത്തിന് വേദിയാകുന്നത്.യു എ ഇയുടെ വളർച്ചയുടെ നെടുംതൂണാണ് മലയാളികൾ എന്ന വികാരമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികൾ തന്നോട് പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ തങ്ങളുടെ വിശ്യാസ്യതയും കഠിനപ്രയത്നവും നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇമറാത്തികളും മലയാളികളും തമ്മിലെ സാംസ്കാരിക ഇഴയടുപ്പം ചൂണ്ടിക്കാട്ടിയാണ് യു എ ഇ മന്ത്രി റീം ആൽ ഹാഷ്മി സംസാരിച്ചത്.പ്രവാസി മലയാളികൾ അഭിമാനമാണെന്ന് പറഞ്ഞാണ് നടൻ മമ്മൂട്ടി സദസിനെ അഭിസംബോധന ചെയ്തത്.