നിയമം ലംഘിച്ച് റോഡിലെ ലൈൻ മാറ്റം; ദുബൈയിൽ രേഖപ്പെടുത്തിയത് 107 അപകടങ്ങൾ
|മൂന്ന് പേർ മരിച്ചു, 75 പേർക്ക് പരിക്കേറ്റു
തിരക്കേറിയ റോഡിൽ ലൈൻ നിയമങ്ങൾ തെറ്റിക്കുന്നത്, വൻ അപകടങ്ങൾക്ക് വഴിവെക്കുന്നതായി ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 107 അപകടങ്ങളാണ് ഇക്കാരണത്താൽ സംഭവിച്ചത്. മൂന്ന് പേരുടെ മരണത്തിനും ഈ അപകടങ്ങൾ വഴിവെച്ചു.
നിർബന്ധമായും പാലിക്കേണ്ട ലെയിൻ നിയമങ്ങൾ കാറ്റിൽ പറത്തി പായുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ സഹിതമാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. ഒരു കാരണവശാലും മറികടക്കാൻ പാടില്ലാത്ത മഞ്ഞ ലൈനുകളും, മാർക്കിങുകളും വാഹനങ്ങൾ മറികടക്കുന്നത് വൻഅപകടങ്ങൾക്കാണ് കാരണമാകുന്നത്.
എട്ടുമാസത്തിനിടെ ഇത്തരത്തിൽ സംഭവിച്ച 107 അപകടങ്ങളിൽ മൂന്ന് പേർ മരിക്കുക മാത്രമല്ല, 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 44 പേർക്ക് സാരമായ പരിക്കുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടുപേർ ഗുരുതരാവസ്ഥയിലായി. അപകരമായ ലൈൻ മാറ്റങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. 400 ദിർഹം ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.