ഇന്ത്യയില്‍ 10,000 പരിശീലന കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി ഥാര്‍ ലേലത്തിലെടുത്ത് താരമായ വ്യവസായി വിഘ്‌നേഷ്
|പഠനാവശ്യത്തിനായി ദിവസവും 14 വാഹനങ്ങളാണ് വിക്കി കഴുകിയിരുന്നത്. അതുകൊണ്ട് തന്നെ 14 വാഹനം സ്വന്തമാക്കുക എന്നത് വിക്കിയുടെ ലക്ഷ്യമാണ്
വിജ്ഞാന, തൊഴില്‍ മേഖലയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യയില്‍ പതിനായിരം പരിശീലന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാര്‍ മേനോന്‍. കേന്ദ്ര സര്‍ക്കാരുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ സംസ്ഥാന സര്‍ക്കാരുകളാണ് ഇന്‍ഡി.കോം എന്ന പേരിട്ട കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. വിവിധ സംസ്ഥാനങ്ങളില്‍ ഏത് ഇന്ത്യന്‍ ഭാഷയിലും സേവനം നല്‍കുന്നതിയാരിക്കും ഈ കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുക മാത്രമല്ല, തൊഴില്‍-വിദ്യാഭ്യാസ-വ്യവസായ മുന്നേറ്റത്തിന് ആവശ്യമായ മുഴുവന്‍ സഹായവും ഈ കേന്ദ്രം ലഭ്യമാക്കുമെന്ന് വിക്കി എന്നറിയിപ്പെടുന്ന വിഘ്‌നേഷ് വിജയകുമാര്‍ മേനോന്‍ പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ മഹീന്ദ്രഥാര്‍ 43 ലക്ഷം രൂപക്ക് ലേലത്തിനെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ വ്യവസായിയാണ് വിക്കി. ഒരു ന്യൂസിലാന്റ് പാല്‍കമ്പനിയില്‍ ജോലിക്കാരനായി പതിനെട്ടാം വയസില്‍ ദുബൈയിലെത്തിയ വിക്കി, മറ്റുള്ളവരുടെ വാഹനം കഴുകിയാണ് എം.ബി.എ പഠനത്തിന് മാര്‍ഗം കണ്ടെത്തിയിരുന്നത്. ചെറിയ സംരംഭം തുടങ്ങി ചെക്ക് കേസില്‍ കുടുങ്ങിയിട്ടുണ്ട്.
വിസാ മാറ്റത്തിന് ഒമാനിലേക്ക് കസബില്‍ പോകുന്നവര്‍ക്ക് സേവനം നല്‍കിയാണ് ബിസിനസില്‍ തുടക്കമിട്ടത്. ഇപ്പോള്‍ 13 ആഢംബര വാഹനങ്ങള്‍ സ്വന്തമായുണ്ട്. പഠനാവശ്യത്തിനായി ദിവസവും 14 വാഹനങ്ങളാണ് വിക്കി കഴുകിയിരുന്നത്. അതുകൊണ്ട് തന്നെ 14 വാഹനം സ്വന്തമാക്കുക എന്നത് വിക്കിയുടെ ലക്ഷ്യമാണ്. നിരവധി പേരെ പലഘട്ടങ്ങളിലും സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സഹായം ലഭിച്ചവര്‍ തിരിച്ചും അപ്രതീക്ഷിത സഹായങ്ങളുമായി എത്തിയിട്ടുമുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു.
അജ്മാനിലെ ഫാം ഹൗസില്‍ തന്റെ ആഢംബര വാഹന ശേഖരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സ്വന്തമാക്കിയ കുതിരകളും, പശുക്കളും, ആടുകളും, മയിലുമെല്ലാം ഈ ഫാമിലുണ്ട്. വെല്‍ത്ത് ഐ എന്ന തന്റെ പുതിയ സംരംഭം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകാണെന്നും വിക്കി പറഞ്ഞു.