കൊലപാതകം: ഇസ്രായേൽ പൗരൻമാർക്കെതിരെ നിയമ നടപടി തുടരുന്നു; പേരുകൾ പുറത്തുവിട്ടു
|രണ്ട് കുടുംബങ്ങൾ തമ്മിൽ ഇസ്രായേലിൽ നടന്ന തർക്കം 24കാരനായ യുവാവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ദുബൈ: കൊലപാതകക്കേസിൽ അറസ്റ്റിലായ എട്ട് ഇസ്രായേൽ പൗരൻമാർക്കെതിരെ നിയമ നടപടി തുടരുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എട്ടു പേരുടെയും പേരുവിവരങ്ങൾ ദുബൈ പൊലീസ് പുറത്തുവിട്ടു.
ഹസാൻ യജോരി, സമേഹ് റോബായി, സലിം റാബിഹ, മഹമോദ് റാബിഹ, താൽ സിസ്ലർ, റാണി ഖ്യുവൈഷ്, അബ്ദുല്ല ജോഹർ, മഹമോദ് അൽ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇസ്രായേൽ പൗരനായ ഗസ്സാൻ ശാംസി (33) ആണ് കൊല്ലപ്പെട്ടത്. രണ്ട് കുടുംബങ്ങൾ തമ്മിൽ ഇസ്രായേലിൽ നടന്ന തർക്കം 24കാരനായ യുവാവിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് ഗസ്സാൻ ശാംസിയെ പ്രതികൾ വധിച്ചതെന്നാണ് സംശയിക്കുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം മുഴുവൻ പ്രതികളേയും പ്രതികൂടാൻ കഴിഞ്ഞത് ദുബൈ പൊലീസിന്റെ മികവായി മാറി.
എമിറേറ്റിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്താനും ഇരകർക്ക് നീതി ലഭ്യമാക്കാനും സേന പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.