കെടുതികൾ ഒഴിഞ്ഞു; യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലേക്ക്
|ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളിലെയും വെള്ളക്കെട്ടുകൾ ബഹുഭൂരിപക്ഷവും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
ദുബൈ: യു.എ.ഇയിലെ മഴക്കെടുതി ബാധിച്ച മേഖലകൾ പൂർണമായും സാധാരണ നിലയിലേക്ക്. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ എമിറേറ്റുകളിലെയും വെള്ളക്കെട്ടുകൾ ബഹുഭൂരിപക്ഷവും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. ചിലയിടങ്ങളിൽ അവശേഷിച്ച വെള്ളക്കെട്ടുകൾ ഗതാഗതത്തെ വലിയ രീതിയിൽ തടസപ്പെടുത്തുന്നതല്ല.
ഗതാഗത, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കെടുതിയെ പൂർണമായും മറികടന്നു വരികയാണ്.. സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ച് അടിയന്തിര ചികിൽസക്കും പരിശോധനക്കും വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകൾ മിക്കതും സാധാരണ നിലയിലായി തുടങ്ങി.
ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. നഷ്ടം വിലയിരുത്തി പുനരിധിവാസം ഉറപ്പാക്കാൻ അപേക്ഷ സ്വീകരിക്കാനും സഹായം സമാഹരിക്കാനും ദുബൈയിലും ഷാർജയിലും സംവിധാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. നാശനഷ്ടങ്ങൾ വിലയിരുത്തുകയും ഭാവിയിൽ അവ ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും ചെയ്യുക, ദുരിതബാധിതരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കുക എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾ തുടരാനാണ് അധികൃതരുടെ തീരുമാനം.
ഷാർജയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ ഊർജിത പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വെള്ളം വലിച്ചെടുക്കാൻ ട്രക്കുകളും മറ്റു സംവിധാനങ്ങളും കൂടുതലായി തന്നെ എത്തിയിട്ടുണ്ട്. വെള്ളകെട്ട് ബാധിത മേഖലകളിൽ സഹായം ആവശ്യമുള്ളവർക്ക് സമീപിക്കാൻ സർക്കാറിന്റെ മേൽനോട്ടത്തിൽ പോയന്റുകൾ ഏർപ്പെടുത്തി.