പൗരൻമാർക്ക് വീടുവെക്കാൻ വായ്പ: 29 കോടി ദിർഹം അനുവദിച്ച് യു.എ.ഇ
|വീട് നിർമാണം, പൂർത്തീകരിക്കൽ, സ്ഥലം വാങ്ങിക്കൽ, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും
പൗരൻമാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം അനുവദിച്ച് യു.എ.ഇ.ശൈഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായാണിത്. ദാന ധർമങ്ങളുടെ മാസമായ റമദാനിൽ യു.എ.ഇ പൗരൻമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനുമാണ് നീക്കമെന്ന് യു.എ.ഇ നേതൃത്വം അറിയിച്ചു
വീട് നിർമാണം, പൂർത്തീകരിക്കൽ, സ്ഥലം വാങ്ങിക്കൽ, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും. ഭവന പദ്ധതിക്കായി അപേക്ഷിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ച്നടപടികൾ പൂർത്തിയാക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 230 കോടി ദിർഹം നേരത്തെ അനുവദിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുളളിൽ ഈ അപേക്ഷകളെല്ലാം തീർപ്പാക്കും. ഇതിന്‍റെ ഭാഗമായാണ് 432 കുടുംബങ്ങൾക്കായി 29 കോടി ദിർഹം അനുവദിച്ചത്.
പലിശ രഹിതമായാണ് പദ്ധതിയിൽ പണം അനുവദിക്കുന്നത്. കുറഞ്ഞ വരുമാനക്കാർ 25 വർഷം കൊണ്ട് ഈ തുക തിരിച്ചടച്ചാൽ മതി. 1999ലാണ് പദ്ധതി ലോഞ്ച് ചെയ്തത്. വൻ തുകകളുടെ ഭവന വായ്പകൾ എഴുതിത്തള്ളുന്നതും യു.എ.ഇയിൽ പതിവാണ്. അനാഥർ, വിധവകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻഗണന.
പൗരൻമാർക്ക് മാന്യമായ താമസ സൗകര്യമൊരുക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവരും കോടിക്കണക്കിന് ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ചിരുന്നു.