യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ച് ലുലു എക്സ്ചേഞ്ച്
|യു.എ.ഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം വിപുലീകരിക്കാനും ലുലു എക്സ്ചേഞ്ച് പദ്ധതി ആവിഷ്കരിച്ചു.
അബുദാബി: ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു.ഇതോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് ലോകത്തുടനീളമുള്ള ശാഖകളുടെ എണ്ണം 250 ആയി ഉയർന്നു. യു.എ.ഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം വിപുലീകരിക്കാനും ലുലു എക്സ്ചേഞ്ച് പദ്ധതി ആവിഷ്കരിച്ചു.
ദുബൈ സിലിക്കോൺ സെൻട്രൽ മാളിലും ഷാർജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ബ്രാഞ്ചുകൾ തുറന്നത്.ലുലു ഫിനാൻസ് ഗ്രൂപ്പ് എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയർ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ അമാൻപുരിയാണ് 250 മത് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗൾഫിലുടനീളം കൂടുതൽ ശക്തമായ ചവടുവെപ്പുകളുമായി മുന്നോട്ടു പോകാനാണ് ലുലു എക്സ്ചേഞ്ച് തീരുമാനമെന്ന് എംഡി അദീബ് അഹമ്മദ് പറഞ്ഞു.
ആഗോള സാമ്പത്തിക മേഖലയിൽ ചില തിരിച്ചടികളുണ്ടെങ്കിലും പണമിടപാട് രംഗത്ത് അനുകൂല ഘടകങ്ങൾ ഏറെയാണെന്നും അദീബ് അഹ്മദ് ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.