ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്
|2020ലെ കണക്കുപ്രകാരം 500 കോടി ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം
ദുബൈ: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപനയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചെയർമാൻ എം.എ. യൂസുഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർ നടപടികൾ ശക്തമാക്കാനാണ് പുതിയ തീരുമാനം.
ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൊയ്ലീസ് ആൻഡ് കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ സ്ഥിരീകരിച്ചു. ഇതോടെ അധികം വൈകാതെ തുടർ നടപടികൾ കൈക്കൊള്ളും. ലുലു ജീവനക്കാർക്കായിരിക്കും ഓഹരിയിൽ മുൻഗണനയെന്ന് നേരത്തെ എം.എ യൂസുഫലി അറിയിച്ചിരുന്നു. ജി.സി.സിയിലുടനീളം 239 ഹൈപ്പർമാർക്കറ്റുകൾ ലുലുവിനുണ്ട്. ഇറാഖ്, വടക്കൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്ന ലുലു അബൂദബി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്ന് മുതൽ ഓഹരി വിൽപന തുടങ്ങുമെന്നോ എത്രയായിരിക്കും ഓഹരിയുടെ വിലയെന്നോ ലുലു ഗ്രൂപ്പ് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ലുലുവിന്റെ ഓഹരി വാങ്ങാൻ പ്രവാസി മലയാളികൾ ഉൾപെടെ നിരവധി പേർ താൽപര്യത്തോടെ കാത്തിരിക്കുന്നുണ്ട്. 2020ലെ കണക്കുപ്രകാരം 500 കോടി ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം. 800 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനിയിൽ 57000 ജീവനക്കാർ ജോലി ചെയ്യുന്നു. 2020ൽ കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരികൾ അബൂദബിയിലെ എ.ഡി.ക്യൂ ഏറ്റെടുത്തിരുന്നു. എം.എ. യൂസുഫലിയുടെ മരുമകനും പ്രവാസി സംരംഭകനുമായി ഷംഷീർ വയലിലിന്റെ ബുർജീൽ ഗ്രൂപ്പും ഓഹരി വിൽപ്പന തുടങ്ങിയിട്ടുണ്ട്. 11 ശതമാനം ഓഹരികൾ അബൂദബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് (എ.ഡി.എക്സ്) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്തത്.