ഒറ്റമണിക്കൂറിൽ മുഴുവൻ വിറ്റുപോയി; ലുലു ഐപിഒക്ക് ബ്ലോക് ബസ്റ്റർ തുടക്കം
|ഓഹരി വിൽപനയിലൂടെ അഞ്ചു ബില്യൺ ദിർഹത്തിലേറെ ലുലു ഗ്രൂപ്പ് സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
അബൂദബി: ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക് തിങ്കളാഴ്ച തുടക്കമായി. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് വരെയാണ് ഓഹരിക്ക് ഇഷ്യൂ ചെയ്ത വില. അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലുലു റീട്ടെയിൽ ഹോൾഡിങ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഓഹരി വിൽപനയിലൂടെ അഞ്ചു ബില്യൺ ദിർഹത്തിലേറെ ലുലു ഗ്രൂപ്പ് സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് ഗ്രൂപ്പ് വിൽക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നവംബർ അഞ്ചു വരെ ഓഹരി വാങ്ങാം. നവംബർ ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. നിക്ഷേപക സ്ഥാപനങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഓഹരികൾ മാറ്റിവച്ചിട്ടുണ്ട്. ജിസിസിയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പ്.
ലുലുവിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് അഥവാ, ഐപിഒ ഓഹരികൾക്ക് ബ്ലോക് ബസ്റ്റർ തുടക്കമാണ് ലഭിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഐപിഒ മുഴുവൻ വിറ്റുപോയി എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം യുഎഇയിൽ ഇതുവരെ നടന്ന ഏറ്റവും ഐപിഒ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്.
ലുലു റീട്ടെയിലിന്റെ 25 ശതമാനം ഓഹരികളാണ് വിൽപനയ്ക്കുള്ളത്. 258.2 കോടി മൂല്യം വരുന്ന ഓഹരികൾ. അബൂദബി സെക്യൂരിറ്റി എക്‌സ്‌ചേഞ്ചിലായിരുന്നു ഐപിഒ. 89 ശതമാനം ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്‌സിനും അഥവാ, നിക്ഷേപ സ്ഥാപനങ്ങൾക്കും പത്തു ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ഒരു ശതമാനം ജീവനക്കാർക്കുമാണ് നീക്കിവച്ചിരുന്നത്. വരുന്ന നവംബർ 12ന് റീട്ടെയിൽ നിക്ഷേപകർക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. 14ന് അബൂദബി സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും. ഓഹരി വിൽപന പൂർത്തിയാകുന്നതോടെ ലുലു റീട്ടെയിലിന്റെ വിപണി മൂലധനം 20-21 ബില്യൺ ദിർഹം എത്തുമെന്നാണ് വിലയിരുത്തൽ.