ലാഭക്കുതിപ്പുമായി ലുലു
|2024 ൻ്റെ മൂന്നാം പാദത്തിൽ 186 കോടി ഡോളറാണ് ലുലുവിൻ്റെ വരുമാനം
ദുബൈ: വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു റീട്ടെയിലിന്റെ വരുമാനത്തിൽ വൻ കുതിപ്പ്. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ 186 കോടി ഡോളറിന്റെ വരുമാനമാണ് ലുലു സ്വന്തമാക്കിയത്. ഇതേ കാലയളവിൽ ഇരട്ടിയിലേറെ ലാഭവും കമ്പനിക്കുണ്ടായി. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ശേഷം ലുലു റീട്ടെയ്ൽ പുറത്തുവിടുന്ന ആദ്യത്തെ സാമ്പത്തിക റിപ്പോർട്ടാണിത്. ഇതുപ്രകാരം 15,700 കോടി രൂപയാണ് ജൂലൈ-സെപ്തംബർ പാദത്തിൽ ലുലുവിന്റെ വരുമാനം. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.1 ശതമാനം വളർച്ചയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. 2024ലെ ആദ്യ ഒമ്പതു മാസം വരുമാനത്തിൽ 5.7 ശതമാനം വർധനയും നേടി.
മൂന്നാം പാദത്തിൽ സജീവ ബിസിനസിൽ നിന്ന് 35.1 മില്യൺ യുഎസ് ഡോളറിന്റെ ലാഭവും ലുലു നേടി. മുൻ വർഷം ഈ പാദത്തെ അപേക്ഷിച്ച് 126 ശതമാനമാണ് ലാഭം വർധിച്ചത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം 9.9 ശതമാനം വർധിച്ച് 176.3 മില്യൺ യുഎസ് ഡോളറായി. യുഎഇയിൽ ഏഴര ശതമാനം വരുമാനവും സൗദിയിൽ 5.7 ശതമാനം വരുമാനവും മൂന്നാം പാദത്തിൽ നേടാനായി. ഇ-കൊമേഴ്സ് വിഭാഗത്തിലും ലുലു വമ്പിച്ച നേട്ടം കൈവരിച്ചു. ഒക്ടോബർ വരെ 23.7 കോടി ഡോളറാണ് ഇതിൽ നിന്നുള്ള വരുമാനം.
ഈ വർഷം ഒക്ടോബർ വരെ ഒമ്പത് പുതിയ സ്റ്റോറുകളാണ് ജിസിസി രാഷ്ട്രങ്ങളിൽ ലുലു ആരംഭിച്ചത്. ഇക്കാലയളവിൽ ലുലുവിന്റെ ആകെ സ്റ്റോറുകളുടെ എണ്ണം 241 ആയി. 2024ൽ ആകെ പതിനേഴ് സ്റ്റോറുകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ലുലു ഹാപ്പിനസ് അംഗത്വം ഏകദേശം അമ്പത് ലക്ഷത്തിലെത്തിയതായും റിപ്പോർട്ടിലുണ്ട്.
ലുലു റീട്ടെയിലിന് നാഴികക്കല്ലുകൾ പിന്നിടുന്ന കാലമാണിതെന്ന് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. ഒരു ലിസ്റ്റഡ് കമ്പനി എന്ന നിലയിൽ വളർച്ചാ യാത്ര തുടരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ പതിനാലിനാണ് ലുലു റീട്ടിയെലിന്റെ ഓഹരികൾ അബൂദബി സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയായിരുന്നു ലുലുവിന്റേത്.