ലുലുവിന് ദുബൈ എക്‌സലൻസ് പുരസ്‌കാരം
|ഹൈപ്പർ മാർക്കറ്റ് വിഭാഗത്തിൽ ലുലു മാത്രം
ഈ വർഷത്തെ ദുബൈ സർവീസ് എക്‌സലൻസ് അവാർഡ് ലുലു ഹൈപ്പർ മാർക്കറ്റിന്. ദുബൈ സാമ്പത്തികകാര്യ വകുപ്പാണ് 2021ലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഹൈപ്പർ മാർക്കറ്റ് മേഖലയിൽ എക്‌സലൻസ് അവാർഡ് നേടുന്ന ആദ്യ സ്ഥാപനമാണ് ലുലു.
ദുബൈ മാൾ, റാക് ബാങ്ക്, അറേബ്യൻ ഓട്ടോ മൊബൈൽസ് എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ അംഗീകാരം നേടിയ മറ്റു സ്ഥാപനങ്ങൾ. ഒരു വർഷം നീണ്ടുനിൽക്കുന്ന കർശനമായ നിരീക്ഷണത്തിലൂടെയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തുന്നത്. ഉപഭോക്തൃ സേവനങ്ങൾ, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിങ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.
ദുബൈ സർക്കാരിന്റെ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുമാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എംഎ സലീം പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവം നൽകാൻ ഈ അംഗീകാരം കൂടുതൽ പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളിൽ ദുബൈ എക്കോണമിയുടെ ക്വാളിറ്റി അവാർഡ്, ഹ്യൂമൻ ഡെവലപ്മന്റ് അവാർഡ് തുടങ്ങിയ ബഹുമതികളും ലുലു നേടിയിട്ടുണ്ട്.