UAE
MA yoosuf Ali
UAE

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എം.എ യൂസഫലി ഒന്നാമത്

Web Desk
|
2 March 2023 10:58 AM GMT

ദുബൈയിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസാണ് പട്ടിക പുറത്തിറക്കിയത്

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബൈയിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യൻ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.

ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫലിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ.ടി പഗറാണിയാണ് യൂസഫലിക്ക് പിന്നിൽ രണ്ടാമതായി പട്ടികയിലുള്ളത്. ദുബൈ ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അദ്‌നൻ ചിൽവാനാണ് മൂന്നാമതായി പട്ടികയിൽ ഇടംപിടിച്ചത്.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയരക്ടർ അദീബ് അഹമ്മദ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സി.ഇ.ഒ സുനിൽ കൗശൽ എന്നിവർ നാലും അഞ്ചും സ്ഥാനത്തായി പട്ടികയിൽ ഇടം പിടിച്ചു.

ഗസാൻ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയരക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു.

ഗൾഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്വാധീനമുള്ള യൂസഫലി അബൂദബി ചേംബറിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്നുണ്ട്. ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഒരു വ്യക്തിയെ ഒരു സർക്കാർ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ യു.എ.ഇ. പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചത്.

യു.എ.ഇ.യുടെ വാണിജ്യ-ജീവകാരുണ്യ മേഖലയിൽ നൽകിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് യൂസഫലിക്കുള്ളത്.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 247 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിൽ 43 രാജ്യങ്ങളിൽ നിന്നുള്ള 65,000 ലധികം ആളുകളാണുള്ളത്. യു.എസ്.എ, യു.കെ, സ്‌പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്ലാൻഡ് എന്നിങ്ങനെ 23 രാജ്യങ്ങളിലായി ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ഗ്രൂപ്പിനുണ്ട്.

Similar Posts