തേടി വന്നത് 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനം; പണംമുടക്കിയ യു.എ.ഇ സ്വദേശിക്ക് തുക കൈമാറി മലയാളി യുവാവ്
|മലയാളികൾ ഭാഗ്യവാൻമാരാണെന്ന വിശ്വാസത്തിലാണത്രെ ഇവരുടെ പേരിൽ ടിക്കറ്റെടുപ്പിക്കുന്നത്
തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിർഹത്തിന്റെ ഭാഗ്യസമ്മാനം പണംമുടക്കിയ യുഎഇ സ്വദേശിക്ക് കൈമാറി അജ്മാനിലെ മലയാളി പ്രവാസി. ഭാഗ്യം വന്നത് തന്റെ പേരിലാണെങ്കിലും ടിക്കറ്റിന് തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് കോഴിക്കാട് വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയിൽ സമ്മാനമായി കിട്ടിയ വൻതുക ഇമറാത്തി വനിതക്ക് കൈമാറിയത്.
അജ്മാനിൽ ഒരു പ്രമുഖ ഷൂ ബ്രാൻഡ് ഷോപ്പിലെ സെയിൽസ്മാനാണ് ഫയാസ് പടിഞ്ഞാറയിൽ. അബൂദബി ഡ്രൂട്ടിഫ്രീ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 3 ലക്ഷം ദിർഹം അഥവാ 65 ലക്ഷത്തോളം രൂപയുടെ സമ്മാനം ഫയാസിനെ തേടി എത്തിയത് അടുത്തിടെയാണ്. സമ്മാനം തന്റെ ബാങ്ക് അക്കൗണ്ടിൽ കൈപറ്റിയ ഫയാസ് പക്ഷെ, ഈ തുക പൂർണമായും ദുബൈയിലുള്ള സുഹൃത്തുകൂടിയായ യുഎഇ സ്വദേശിനിക്ക് കൈമാറുകയായിരുന്നു.
ഫയാസിന്റെ അമ്മാവൻ സമീറിന്റെ സഹപ്രവർത്തകയാണ് ഈ ഇമറാത്തി വനിത. സമീറിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. ഒരു വർഷമായി പലപ്പോഴായി ഇത്തരത്തിൽ ഇവർ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. മലയാളികൾ ഭാഗ്യവാൻമാരാണെന്ന വിശ്വാസത്തിലാണത്രെ ഇവരുടെ പേരിൽ ടിക്കറ്റെടുപ്പിക്കുന്നത്.
നിയമപരമായി ഈ ഭാഗ്യസമ്മാനത്തിന്റെ തുകയത്രയും ഫയാസിന് അവകാശപ്പെട്ടതാണ്. അധികൃതർ ഫയാസിന്റെ അക്കൗണ്ടിലേക്കാണ് മൂന്ന് ലക്ഷം കൈമാറിയതും. സമ്മാനം ലഭിച്ച വിവരം രഹസ്യമാക്കി വെച്ചാൽ പോലും തുക മുടക്കിയ സ്വദേശി വനിത അത് അറിയുമായിരുന്നില്ല. പക്ഷെ, അത് തന്നോട് തന്നെ ചെയ്യുന്ന വിശ്വാസവഞ്ചനയായി പോകുമെന്ന് ഫയാസ് പറയുന്നു. മലയാളിയുടെ ഈ വിശ്വാസ്യതക്ക് ചെറിയൊരു സമ്മാനം നൽകാനും ഇമറാത്തി സുഹൃത്ത് മറന്നില്ല. കാണിച്ചത് മണ്ടത്തരമാണെന്ന് പലരും കുറ്റപ്പെടുത്തിയെങ്കിലും തന്നിലർപ്പിച്ച വിശ്വാസത്തിന് 3 ലക്ഷം ദിർഹത്തേക്കാൾ ഏറെ മൂല്യമുണ്ടെന്ന് വിശ്വസിക്കാനാണ് ഫയാസിനിഷ്ടം.
A Malayali expatriate in Ajman handed over the lucky prize of three lakh dirhams he had received to a UAE national who had spent money