ലൈസന്‍സില്ലാതെ ബോട്ടോക്സ് ചികിത്സ; ദുബൈ പൊലീസ് പ്രതിയെ നാടകീയമായി പിടികൂടി
|വനിതാ പൊലീസ് ഓഫീസര്‍ ഉപഭോക്താവായി ആള്‍മാറാട്ടം നടത്തി ഇയാളുമായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയായിരുന്നു
ആവശ്യമായ ചികിത്സാ ലൈസന്‍സില്ലാതെ വീടുകളിലെത്തി ബോട്ടോക്സ് ചികിത്സ നടത്തിവന്നയാളെ നാടകീയമായി പിടികൂടി ദുബൈ പൊലീസ്. ഒരു മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ നിക്ഷേപമുള്ള ഇയാള്‍ ദുബൈയിലെ ദേരയിലാണ് അനധികൃതമായി സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ നടത്തിയിരുന്നത്. ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ഇയാളെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ദേരയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്താണ് അറസ്റ്റിന് വഴിയൊരുക്കിയത്. ഒരു വനിതാ പൊലീസ് ഓഫീസര്‍ ഉപഭോക്താവായി ആള്‍മാറാട്ടം നടത്തി ഇയാളുമായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാഗില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായെത്തി ചികിത്സ ആരംഭിച്ചതോടെയാണ് ഇയാളെ പിടികൂടിയത്. ഡിഎച്ച്എയിലെ പരിശോധനാ വിഭാഗവുമായി സഹകരിച്ചാണ് ഓപ്പറേഷന് നടത്തിയത്.
ലൈസന്‍സില്ലാതെ ചികിത്സ നടത്തിയതിനും അനുമതിയില്ലാതെ ഉപകരണങ്ങളും മെഡിക്കല്‍ കിറ്റുകളും കൈവശം വച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബോട്ടോക്സ് കുത്തിവയ്പ്പ് നടത്താനായി 4,700 ദിര്‍ഹമാണ് ഇയാള്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടത്.
സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ക്കായി വിശ്വസനീയമായ ക്ലിനിക്കുകളെയോ ഡോക്ടര്‍മാരെയോ മാത്രം സമീപിക്കണമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.