നിരക്ഷരയായ സ്ത്രീയെ കബളിപ്പിച്ച യുവാവിന് 3.3 മില്യണ്‍ ദിര്‍ഹം പിഴ വിധിച്ച് കോടതി
|നിയമവിരുദ്ധമായി വില്ല വിറ്റതിനും സ്ത്രീയെ വഞ്ചിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
വായിക്കാനറിയാത്ത സ്ത്രീയെ കബളിപ്പിച്ച് അവരുടെ വില്ല വില്‍പന നടത്തി പണം കൈക്കലാക്കിയ റിയല്‍ എസ്റ്റേറ്റ് ഏജന്റിന് കനത്ത പിഴ വിധിച്ച് അബുദാബി കോടതി. കബളിപ്പിക്കപ്പെട്ട യുവതിക്ക് 3.3 ദശലക്ഷം യുഎഇ ദിര്‍ഹം(ഏകദേശം 6.7 കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ ഉത്തരവ്.
അബുദാബി ഫാമിലി സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. നിയമവിരുദ്ധമായി വില്ല വിറ്റതിനും സ്ത്രീയെ വഞ്ചിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വഞ്ചനയിലൂടെ സ്ത്രീയില്‍നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി തട്ടിയെടുത്ത ശേഷമാണ് ഇയാള്‍ വില്ല വിറ്റത്. അതില്‍നിന്ന് ലഭിച്ച പണം മുഴുവന്‍ അയാള്‍ സ്വന്തമാക്കുകയായിരുന്നു. നഷ്ടപരിഹാരമായി തനിക്ക് 5 ദശലക്ഷം ദിര്‍ഹവും 12 ശതമാനം പലിശയും നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിക്കെതിരെ യുവതി കേസ് ഫയല്‍ ചെയ്തിരുന്നു.
തന്റെ പഴയ വില്ല പൊളിച്ച് പുതിയത് പണിയുന്നതിനായി സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ തന്നെ കബളിപ്പിച്ചതെന്ന് സ്ത്രീ കോടതിയില്‍ വെളിപ്പെടുത്തി.