ദുബൈയിൽ ജലാശയങ്ങളിലെ മാലിന്യം പെറുക്കാൻ ഇനി 'മറൈൻ സ്‌ക്രാപ്പർ'
|ഫൈവ് ജി നെറ്റ്വർക്ക് ഉപയോഗിച്ച് റിമോട്ടിൽ സ്‌ക്രാപ്പറിന്റെ സഞ്ചാരഗതി നിയന്ത്രിക്കാനും മാലിന്യങ്ങൾ ശേഖരിക്കാനും കഴിയും
ദുബൈ: നഗരത്തിലെ ജലാശയങ്ങളിൽ മാലിന്യം പെറുക്കാൻ സ്മാർട്ട് ഉപകരണം നീറ്റിലിറക്കി ദുബൈ മുനിസിപ്പാലിറ്റി. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ മറൈൻ സ്‌ക്രാപ്പറിന് ഒരു ടൺ മാലിന്യം വരെ ശേഖരിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ദുബൈ ക്രിക്കിലും കനാലിലും വെള്ളത്തിൽ പൊങ്ങികിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ വികസിപ്പിച്ചതാണ് ഈ സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ. യു.എ.ഇ സ്വദേശികളായ വിദഗ്ധർ അൽഖത്താൽ ബോട്ട് ഫാക്ടറിയുമായി കൈകോർത്താണ് ഇത് വികസിപ്പിച്ചത്.
എത്ര അകലെയാണെങ്കിലും റിമോട്ട് കൊണ്ട് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാം. ഫൈവ് ജി നെറ്റ്വർക്ക് ഉപയോഗിച്ച് റിമോട്ടിൽ സ്‌ക്രാപ്പറിന്റെ സഞ്ചാരഗതി നിയന്ത്രിക്കാനും മാലിന്യങ്ങൾ ശേഖരിക്കാനും ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഇതിനെ നിരീക്ഷിക്കാനും കഴിയും. ഇതിന് പുറമെ, മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി പ്രവർത്തിക്കാൻ മറൈൻ സർവേ സംവിധാനവും ഈ സ്‌ക്രാപ്പറിലുണ്ട്. ബോട്ടുകളിലും മറ്റും കൂട്ടിയിടിക്കാതെ സഞ്ചരിക്കാനുള്ള കഴിവും ഈ സ്മാർട്ട് ഉപകരണത്തിനുണ്ട്. 19 നോട്ടിക്കൾ മൈലിൽ നീണ്ടുകിടക്കുന്ന ദുബൈയുടെ ക്രീക്കും കനാലും സ്മാർട്ടായി വൃത്തിയാക്കുന്ന ചുമതല ഇനി ഇവൻ ഏറ്റെടുക്കും.