കടൽ ജീവിതം കാണാൻ തീം പാർക്ക്; 'സീവേൾഡ് പാർക്ക് അബൂദബി' അടുത്ത വർഷം തുറന്നു കൊടുക്കും
|വിനോദസഞ്ചാര കേന്ദ്രമായ യാസ് ദ്വീപിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി
അബൂദബിയിൽ നിർമാണം പുരോഗമിക്കുന്ന കടൽജീവി തീം പാർക്ക് അടുത്തവർഷം സന്ദർശർക്ക് തുറന്നു കൊടുക്കും. സീ വേൾഡ് അബൂദബി എന്ന് പേരിട്ട പദ്ധതിയുടെ നിർമാണം 90 ശതമാനം പൂർത്തിയായതായി നിർമാതാക്കളായ മിറാൽ അറിയിച്ചു.
അബൂദബി യാസ് ഐലന്റിലാണ് സീവേൾഡ് അബൂദബി എന്ന മറൈൻലൈഫ് തീം പാർക്ക് നിർമിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ യാസ് ദ്വീപിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. യു എ ഇയിലെ ആദ്യത്തെ സമ്പൂർണ സമുദ്ര ഗവേഷണ, സമുദ്രജീവി പുനരധിവാസ കേന്ദ്രവും ഇതിന്റെ ഭാഗമാണ്.
തീം പാർക്കിനോട് ചേർന്ന് നിർമിക്കുന്ന ഗവേഷണ കേന്ദ്രം ഈവർഷം നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ സമുദ്ര ശാസ്ത്രജ്ഞർ, മൃഗഡോക്ടർമാർ എന്നിവരാണ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുക. സമുദ്രജീവികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധസംഘടനകൾ എന്നിവയുമായി ഈ കേന്ദ്രം കൈകോർത്ത് പ്രവർത്തിക്കും. വെല്ലുവിളി നേരിടുന്ന ജീവികളെ രക്ഷപ്പെടുത്താൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ സീവേൾഡ് അബൂദബിയിൽ സമുദ്രത്തിലെ ആറുതരം പരിസ്ഥിതികൾ ആസ്വദിക്കാൻ സന്ദർശകർക്ക് സൗകര്യമുണ്ടാകും.