ഗ്രാമീണ ഭംഗി അതിമനോഹരം; മസാഫി യു.എ.ഇയിലെത്തുന്ന സന്ദർശകരുടെ ഇഷ്ട ലൊക്കേഷൻ
|മസാഫിയിലെ ഫ്‌ളവർ ഫാമും അതിമനോഹരമാണ്
ഗ്രാമീണ ഭംഗികൊണ്ട് എന്നും സന്ദർശകരുടെ യു.എ.ഇയിലെ ഇഷ്ട ലൊക്കേഷനാണ് മസാഫി. കൃഷിത്തോട്ടങ്ങളും മലനിരകളും പോലെ തന്നെ മസാഫിയിലെ ഫ്‌ളവർ ഫാമും അതിമനോഹരമാണ്. നൂറുകണക്കിന് വ്യത്യസ്ഥ ഇനം പൂക്കളാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.
റാസ് അൽ ഖമയും ഫുജൈറയുമായി അതിർത്തി പങ്കിടുന്ന യുഎഇയുടെ വടക്കൻ മലയോര ഗ്രാമങ്ങളിൽ ഒന്നായ മസാഫിയിലെ മലകൾക്ക് നടുവിലാണ് ഈ പൂന്തോട്ടം. വ്യത്യസ്ഥ നിറങ്ങളിലും ഇനങ്ങളിലും പെട്ട 30,000 ൽ അധികം പൂക്കളാണ് ഫാമിൽ പൂത്തു തളിർത്ത് സന്ദർശകരെ കാത്തിരിക്കുന്നത്. സ്നാപ്ഡ്രാഗൺസ്, ലാർക്സ്പേഴ്സ്, ഹോളിഹോക്ക്സ്, ജമന്തി, സൂര്യ കാന്തി തുടങ്ങി മലയാളികൾ കണ്ട് ശീലിച്ചതും അല്ലാത്തതുമായ നിരവധി ഇനം പൂക്കൾ ഫാമിൽ കാണാൻ കഴിയും.
എമിറാത്തി വംശജനായ മുഹമ്മദ് അൽ മസ്‌റൂയിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം 2021ലാണ് സന്ദർശകർക്കായി തുറന്നു നൽകിയത്. സെപ്തംബർ മുതൽ ഒക്ടോബർ വരെ ഉള്ള സമയത്താണ് പൂക്കൾ നട്ടുപിടിപ്പിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ചെടികൾ പൂർണ വർച്ചയെത്തും. സന്ദർശകർക്കായി പ്രദർശിപ്പിക്കുക മാത്രമല്ല, വിളവെടുത്ത് ഷാർജയിലെയും ദുബൈയിലെയും പൂക്കടകളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.
ഫാമിൽ എത്തുന്നവർക്ക് ഇഷ്ടമുള്ള പൂക്കൾ തിരഞ്ഞെടുത്ത് ഫ്രഷായി വാങ്ങാനും, വിത്തുകൾ സ്വന്തമാക്കാനുമുള്ള അവസരമുണ്ട്. പൂക്കൾ മാത്രമല്ല കുതിരകളും ഒരു കുഞ്ഞു മൃഗശാലയും ഫാമിനോട് ചേർന്ന് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കുതിര സഫാരി നടത്താനും അവസരമുണ്ട്. പൂക്കളുടെ ഇടയിൽ ഇരുന്ന് ഒരു കോഫിയോ ചായയോ കുടിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കൊച്ച കഫെയും സജ്ജീകരിച്ചിട്ടുണ്ട്. 15 ദിർഹമാണ് ഫാമിലേക്കുള്ള എൻട്രിഫീ, രണ്ട് വയസിൽ താഴെ ഉള്ള കുട്ടികൾക്കും അംഗപരിമിതർക്കും പ്രവേശനം സൗജന്യമാണ്.
വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് 1 :30നും മറ്റ് ദിവസങ്ങളിൽ രാവിലെ 7 :30 നുമാണ് ഫാം തുറക്കുന്നത്, വൈകിട്ട് 6 :30 വരെ സന്ദർശകർക്ക് പ്രവേശിക്കാം. മസാഫിയിലെ വാദി അൽ അസീമയിലാണ് ഫാം സ്ഥിതിചെയ്യുന്നത്. ഫ്‌ളവർ ഫാമിനടുത്ത് വിശാലമായ പച്ചക്കറി തോട്ടങ്ങളും വാദികളും മലമുകളിലെ ക്യാമ്പിംഗ് സൈറ്റുകളും ഒക്കെ സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കും. മലകൾക്കിടയിലൂടെയുള്ള മസാഫിയിലെ സൂര്യാസ്തമയം അതിമനോഹരം തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ച ഫാമിലി ഡെസ്റ്റിനേഷനാണ് മസാഫി വാദി അൽ അസീമ.