മാസ്റ്റർ വിഷൻ ഇന്റർനാഷണൽ അവാര്‍ഡ്: പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും പുരസ്കാരം ഏറ്റുവാങ്ങി
|പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലാതെ മീഡിയവൺ യാത്ര ഇനിയും തുടരുമെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും വ്യക്തമാക്കി
മാസ്റ്റർ വിഷൻ ഇന്റർനാഷണൽ അവാർഡുകൾ ദുബൈയിൽ വിതരണം ചെയ്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, സീനിയർ കോർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. റിട്ട. ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡുദാന ചടങ്ങ്.
സിനിമാ നിർമാതാവും വ്യവസായിയുമായ ആർ. ഹരികുമാറിൽ നിന്നാണ് പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. പ്രതിസന്ധികളെ അതിജീവിച്ച് മീഡിയവൺ ചാനൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന പ്രവാസ ലോകത്തിന്റെ പ്രഖ്യാപനം കൂടിയായി മാറി ദുബൈ അൽ നാസർ ലിഷർ ലാന്റിൽ ഇന്നലെ രാത്രി നടന്ന അവാർഡുദാന ചടങ്ങ്. പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലാതെ മീഡിയവൺ യാത്ര ഇനിയും തുടരുമെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരായ പി.ജി സുരേഷ് കുമാർ, അഭിലാഷ് പി ജോൺ, അപർണ സെൻ, ഹാഷ്മി താജ് ഇബ്രാഹിം, ഡോ. അരുൺ കുമാർ എന്നിവരും അവാർഡ് സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.