എം.ബി.ഇസഡ്-സാറ്റ് ഉപഗ്രഹ വിക്ഷേപണം; ഒരുക്കങ്ങൾ വിലയിരുത്തി ദുബൈ ഭരണാധികാരി
|ബഹിരാകാശ മേഖലയിൽ ശക്തമായ സാന്നിധ്യമാകാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു
ദുബൈ: യു.എ.ഇയുടെ എം.ബി.ഇസഡ്-സാറ്റ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ദുബൈ ഭരണാധികാരി. ഒക്ടോബറിൽ നടക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി അദ്ദേഹം ബഹിരാകാശ കേന്ദ്രം ഉന്നതലസംഘവുമായി കൂടിക്കാഴ്ച നടത്തി. ബഹിരാകാശ മേഖലയിൽ ശക്തമായ സാന്നിധ്യമാകാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈയിലെ യൂണിയൻ ഹൗസിലാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെ ഉന്നതഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. പൂർണമായും ഇമറാത്തി ശാസ്ത്രഞ്ജർ വികസിപ്പിച്ച എം.ബി.ഇസഡ്-സാറ്റ്‌ന്റെ വിക്ഷേപണത്തിന്റെ തയാറെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇപ്പോൾ പരിസ്ഥിതി പരിശോധനകൾക്ക് വിധേയമാക്കുന്ന ഉപഗ്രഹം ഒക്ടോബറിൽ സ്‌പേസ് എക്‌സ് റോക്കറ്റിൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹിരാകാശ ഗവേഷണരംഗത്ത് മികച്ച നിലയിലെത്താൻ യു.എ.ഇക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഈരംഗത്ത് കൂടുതൽ ശക്തമായ സാന്നിധ്യമാവുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇമറാത്തി ബഹിരാകാശകേന്ദ്രം ചെയർമാൻ ഹമദ് ഉബൈദ് അൽ മൻസൂരി, അസി. ഡറക്ടർ ജനറൽ അമീർ അൽ സയാഗ് അൽ ഗഫേരി, ആദ്യ ഇമറാത്തി വനിതാ ബഹിരാകാശ യാത്രിക നൂറ അൽമത്‌റൂശി, ബഹിരകാശ യാത്രികൻ മുഹമ്മദ് അൽ മുല്ല എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.